17 December Monday

500 കമ്പനിയുടെ ലാഭത്തിന്റെ 45 ശതമാനവും 10 കമ്പനികള്‍ക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Dec 9, 2018

ന്യൂഡൽഹി > രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 500 കമ്പനിയുടെ ലാഭത്തിന്റെ പകുതിയോളം ലഭിക്കുന്നത‌് രണ്ട‌് ശതമാനം കമ്പനികൾക്ക‌്. വരുമാനം സർക്കാരിൽ നിന്ന‌് സ്വകാര്യ കോർപറേറ്റുകളിൽ കേന്ദ്രീകരിക്കുന്നതായും ‘ഇക്കണോമിക‌് ടൈംസ‌്’ പത്രം പുറത്തുവിട്ട സ്ഥിതിവിവര കണക്ക‌് വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ ഏറ്റവും വലിയ 500 കമ്പനിയുടെ മൊത്തം ലാഭത്തിന്റെ 45 ശതമാനവും 10 കമ്പനിയാണ‌് കൈയടക്കിയത‌്. 1993–-94ൽ ഏറ്റവും വലിയ 500 കമ്പനിയുടെ മൊത്തം ലാഭത്തിന്റെ 33 ശതമാനത്തോളമാണ‌് പ്രമുഖ 10 കമ്പനിക്ക‌് ലഭിച്ചിരുന്നത‌്.1993–-94ൽ ഏറ്റവും ലാഭകരമായ 10 കമ്പനിയിൽ ഏഴെണ്ണം പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ഇത‌് മൂന്നായി.

രാജ്യത്ത‌് ഉൽപ്പാദിപ്പിക്കുന്ന  സമ്പത്ത‌് ചെറുന്യൂനപക്ഷത്തിൽ  കേന്ദ്രീകരിക്കുന്നുവെന്നതിന്റെ തെളിവ‌് കൂടിയാണിത‌്. ഇന്ത്യയിൽ രജിസ‌്റ്റർ ചെയ‌്ത 10 ലക്ഷത്തോളം കമ്പനികളുണ്ട‌്. എന്നാൽ, വരുമാനവും ലാഭവും കുന്നുകൂടുന്നത‌് അഞ്ഞൂറോളം കമ്പനികളിൽ. വാർഷിക ബജറ്റ‌് രേഖകളിൽനിന്നുതന്നെ സമ്പത്തിന്റെ കേന്ദ്രീകരണവും വളർന്നുവരുന്ന അസമത്വവും മനസ്സിലാക്കാമെന്ന‌് സാമ്പത്തികവിദഗ‌്ധൻ സുർജിത‌് മജുംദാർ പറഞ്ഞു. 2016–-17ൽ രാജ്യത്തെ ആറു ലക്ഷം കമ്പനികൾക്ക‌് ലഭിച്ച വരുമാനത്തിന്റെ കണക്ക‌് ഈയിടെ പുറത്തുവന്നിരുന്നു.

ഇവയിൽ 500 കോടിയിൽപ്പരം രൂപയുടെ വരുമാനമുള്ള 335 കമ്പനികൾക്കാണ‌് മൊത്തം ലാഭത്തിന്റെ 61 ശതമാനവും ലഭിച്ചത‌്. ഈ  500 കമ്പനിയിൽ പലതും ഒറ്റ ഗ്രൂപ്പിന്റേതാണ‌്. അതിനാൽ, സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതൽ ശക്തമാണ‌്. നവഉദാരവൽക്കരണ നയങ്ങളാണ‌് വരുമാനത്തിന്റെയും ലാഭത്തിന്റെയും കേന്ദ്രീകരണം തീവ്രമാക്കിയത‌്. 1990കളുടെ തുടക്കത്തിൽ സ്വകാര്യകോർപറേറ്റുകളുടെ ലാഭവിഹിതം രാജ്യത്തിന്റെ  മൊത്തം വരുമാനത്തിന്റെ 5–-6 ശതമാനമായിരുന്നു; ഇപ്പോൾ 18 മുതൽ 20 വരെ ശതമാനമാണ‌്.

സമ്പദ‌്ഘടനയുടെ ഇതരമേഖലകളെ അപേക്ഷിച്ച‌് ക്രമാതീതമായ വേഗത്തിൽ സ്വകാര്യ കോർപറേറ്റുകൾ വളരുകയാണ‌്. ഇവരുടെ ലാഭത്തിലും ഇതേ പെരുക്കമുണ്ടാകുന്നു. 1990കളിൽ കോർപറേറ്റുകളുടെ വരുമാനത്തിൽ 55 ശതമാനം ജീവനക്കാർക്കുള്ള പ്രതിഫലമായി വിനിയോഗിച്ചിരുന്നു. നിലവിൽ ജീവനക്കാർക്ക‌് നൽകുന്നത‌് വരുമാനത്തിന്റെ 33 ശതമാനം മാത്രം.

സ്വതന്ത്രവിപണി മത്സരം പ്രോത്സാഹിപ്പിക്കുമെന്ന നവഉദാരവാദികളുടെ അവകാശവാദവും പൊളിഞ്ഞു. വിപണി സർവസ്വതന്ത്രമാക്കിയപ്പോൾ സമ്പത്ത‌് കേന്ദ്രീകരിക്കുകയും ബഹുഭൂരിപക്ഷം പുറന്തള്ളപ്പെടുകയുമാണ‌്. ഇന്ത്യയിൽ 2017ൽ ഉൽപ്പാദിപ്പിച്ച സ്വത്തിന്റെ 73 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിനാണ‌് ലഭിച്ചതെന്ന റിപ്പോർട്ട‌് രാജ്യാന്തര ഏജൻസിയായ ‘ഓക‌്സ‌്ഫാം’ പുറത്തുവിട്ടിരുന്നു.

1930കളുടെ അവസാനത്തിൽ ജനസംഖ്യയിൽ ഒരുശതമാനം പ്രതിവർഷം നേടിയ സ്വത്ത‌് 21 ശതമാനം ആയിരുന്നു. 1980കളിൽ ഇത‌് ആറ‌് ശതമാനമായി ഇടിഞ്ഞു. 2014ൽ 22 ശതമാനമായി കുതിച്ചുയർന്നു. 2017ൽ 20.90  ലക്ഷംകോടി രൂപയാണ‌് ജനസംഖ്യയിൽ ഒരു ശതമാനം സമ്പന്നർക്ക‌് ലഭിച്ചത‌്.


പ്രധാന വാർത്തകൾ
Top