21 October Sunday

നിര്‍മാണത്തൊഴിലാളി ക്ഷേമനിധി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

ന്യൂഡല്‍ഹി > നിര്‍മാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി സമാഹരിക്കുന്ന തുക ആ ആവശ്യത്തിനുമാത്രമേ ചെലവിടുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 1996ലെ നിയമപ്രകാരം റിയല്‍ എേസ്റ്ററ്റ് കമ്പനികളില്‍നിന്നും മറ്റും പിരിച്ചെടുക്കുന്ന സെസ് തുക വകമാറ്റി ചെലവിടുന്നതായി ആരോപിച്ചുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചായിരുന്നു കോടതിനിര്‍ദേശം. ഇതുവരെ സമാഹരിച്ചിട്ടുള്ള 29,000 കോടി രൂപയില്‍ പത്തുശതമാനംപോലും ക്ഷേമപദ്ധതികള്‍ക്ക് വിനിയോഗിച്ചിട്ടില്ലെന്നത് ഗുരുതരമായ അവസ്ഥാവിശേഷമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സിഎജി) കണക്കുപ്രകാരം പിരിച്ചെടുത്ത തുകയില്‍ അധികവും വാഷിങ്‌മെഷീനും ലാപ്‌ടോപ്പും വാങ്ങാന്‍ ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, കേന്ദ്ര തൊഴില്‍മന്ത്രാലയം സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിരുന്നു. വെള്ളിയാഴ്ച കോടതി മുമ്പാകെ ഹാജരായ തൊഴില്‍ സെക്രട്ടറി 2015ല്‍ പദ്ധതിയുടെ നടത്തിപ്പിനായി മേല്‍നോട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത നിര്‍മാണത്തൊഴിലാളികളുടെ എണ്ണം 2.5 കോടിയില്‍നിന്ന് 2.8 കോടിയായി ഉയര്‍ന്നതിന് ആനുപാതികമായി ഇവരുടെ ക്ഷേമത്തിനായി പിരിച്ച സെസ് തുക 25,477 കോടിയില്‍നിന്ന് 37,482 കോടിയായി ഉയര്‍ന്നു. ഇതുവരെയുള്ള തുകയുടെ ഉപയോഗം 5371 കോടിയില്‍നിന്ന് 9491 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും തൊഴില്‍സെക്രട്ടറി ബോധ്യപ്പെടുത്തി.

പിരിച്ചെടുത്ത സെസ് തുക മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാതെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരുമാസത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തൊഴില്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേര്‍ക്കാമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി ഉറപ്പുനല്‍കി. തുടര്‍ന്ന് ഹര്‍ജി ജനുവരി 17ലേക്ക് മാറ്റിവച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top