19 January Saturday

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്തി ബിജെപി സമരപ്പന്തലില്‍; എത്തിയത് കുടുംബസമേതം

സ്വന്തം ലേഖകന്‍Updated: Friday Jan 11, 2019

തിരുവനന്തപുരം > കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എഐസിസി അംഗം ഇ എം അഗസ്തി
ബിജെപി സമരപ്പന്തലില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഗസ്തി കുടുംബസമേതം എത്തിയാണ് നിരാഹാരസമരം കിടക്കുന്ന മഹിളാമോര്‍ച്ച നേതാവ് വി ടി രമയ്ക്ക് അഭിവാദ്യമര്‍പ്പിച്ചത്.

മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്തിയും ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരിക്കുകയാണ്. മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍, മുന്‍ വനിതാകമീഷന്‍ അംഗം പ്രമീളാദേവി എന്നിവര്‍ നേരത്തേ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പിഎസ്എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപിയുടെ സമരത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു.

കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ ഇ എം അഗസ്തി  ആദ്യം ബിജെപിയുടെ സമര പന്തലിലാണ് എത്തിയത്. പത്ത് മിനുട്ടോളം അവിടെ ചിലവഴിച്ച ശേഷം എ കെ ആന്റണി ഉദ്ഘാടനം ചെയ്ത കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിര ഭവനിലെത്തി. ബിജെപിയെ താഴെയിറക്കണമെന്ന ആഹ്വാനമാണ് ഈ യോഗത്തില്‍ അഗസ്തി  ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എ കെ ആന്റണി നല്‍കിയത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top