22 April Sunday

ബിജെപിയുടെ തന്ത്രവും കോണ്‍ഗ്രസിന്റെ തന്ത്രമില്ലായ്മയും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

ന്യൂഡല്‍ഹി > ഗുജറാത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് താഴെത്തട്ടിലെ ചലനങ്ങള്‍ തിരിച്ചറിഞ്ഞുള്ള കൃത്യമായ ആസൂത്രണത്തോടെയാണ്. ഇത് മുന്‍കൂട്ടിക്കണ്ട് ബദല്‍തന്ത്രം മെനയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. മത്സരം കടുപ്പേറിയതാകുമെന്ന് നവംബറില്‍തന്നെ ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നു. പട്ടേല്‍ വിഭാഗത്തിലെ അതൃപ്തിയും ഗ്രാമീണ മേഖലകളില്‍ നിലനില്‍ക്കുന്ന ശക്തമായ ഭരണവിരുദ്ധവികാരവുമാണ് ബിജെപിയെ ഭയപ്പെടുത്തിയത്. പട്ടേല്‍ വിഭാഗത്തോട് വിയോജിപ്പുള്ള ഒബിസി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചും പരമ്പരാഗത ശക്തിമേഖലയായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയും ഭൂരിപക്ഷം ഉറപ്പിക്കാനായി ഇതോടെ ബിജെപിയുടെ ശ്രമം.

സൌരാഷ്ട്രയില്‍ പട്ടേല്‍ സ്വാധീനം ശക്തമായ മോര്‍ബി, സുരേന്ദ്രനഗര്‍, അമ്രേലി, ജുനഗഡ്, ബൊതാദ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ സൌരാഷ്ട്രയിലെതന്നെ ഭാവ്നഗര്‍, പോര്‍ബന്ദര്‍, ജാംനഗര്‍ ജില്ലകളില്‍ ബിജെപി മുന്‍തൂക്കം നേടി. കോലി പട്ടേല്‍ ഉള്‍പ്പെടെ വിവിധ ഒബിസി വിഭാഗങ്ങളുടെ പിന്തുണയാണ് ഈ സ്ഥലങ്ങളില്‍ ബിജെപിയെ തുണച്ചത്. വടക്കന്‍ ഗുജറാത്തില്‍ ഉന്‍ജ, പട്ടാന്‍, സിദ്ധ്പുര്‍ തുടങ്ങി പട്ടേല്‍ സ്വാധീന മേഖലകളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടായി. കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന വടക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലകളായ സബര്‍കന്ത, പഞ്ച്മഹല്‍, ദാഹോഡ്, ആരവല്ലി, ബനസ്കന്ത എന്നിവിടങ്ങളില്‍ ബിജെപി മുന്നിലെത്തി. പട്ടേല്‍ സ്വാധീനം കുറഞ്ഞ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതാണ് ബിജെപിക്ക് നേട്ടമായത്. ഇതിനുപുറമെ നഗരമേഖലകളില്‍ സ്വാധീനം നിലനിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞു. നഗരമേഖലകളിലായി 55 നിയമസഭാ സീറ്റുള്ളതില്‍ 43ലും ബിജെപി ജയിച്ചത് ഇതിന് തെളിവാണ്.

സ്വതന്ത്രസ്ഥാനാര്‍ഥികളെ ബിജെപി വലിയ തോതില്‍ രംഗത്തിറക്കിയതും കോണ്‍ഗ്രസിന് ക്ഷീണമായി. ബിജെപിയുടെ പ്രമുഖര്‍ ജയിച്ചുകയറുന്നതിനും കോണ്‍ഗ്രസിലെ പ്രമുഖര്‍ തോല്‍ക്കുന്നതിനും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ സാന്നിധ്യം കാരണമായി. പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയും ഗ്രാമീണമേഖലയില്‍ സര്‍ക്കാരിനെതിരായി നിലനിന്ന അസ്വസ്ഥതയുമാണ് 77 സീറ്റിലേക്ക് എത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top