17 December Monday

താങ്ങുതേടി കോൺഗ്രസ് ; മതേതരകക്ഷികളുമായി യോജിച്ച് മത്സരിക്കും

സ്വന്തം ലേഖകൻUpdated: Monday Jul 23, 2018



ന്യൂഡൽഹി
ശക്തിക്ഷയം തിരിച്ചറിഞ്ഞ കോൺഗ്രസ‌് ഒടുവിൽ സഖ്യകക്ഷിരാഷ്ട്രീയത്തിലേക്ക് വഴിമാറുന്നു. ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ തങ്ങൾക്കു മാത്രമേ സാധിക്കൂവെന്ന മുൻനിലപാടാണ് രാജ്യത്തെ രാഷ്ട്രീയ യാഥാർഥ്യം തിരിച്ചറിഞ്ഞ് കോൺഗ്രസ് തിരുത്തുന്നത്.

രാഹുൽഗാന്ധി അധ്യക്ഷപദവി ഏറ്റശേഷം ഞായറാഴ്ച ഡൽഹിയിൽ ചേർന്ന ആദ്യ പ്രവർത്തകസമിതി യോഗത്തിലാണ് പരമാവധി സംസ്ഥാനങ്ങളിൽ മറ്റു മതേതരകക്ഷികളുമായി യോജിച്ച് മത്സരിക്കാൻ തീരുമാനിച്ചത‌്. 2019ലെ തെരഞ്ഞെടുപ്പിൽ ദേശീയ മതേതര പാർടികളുമായും പ്രാദേശിക പാർടികളുമായും കഴിയുന്നത്ര സഖ്യത്തിൽ കോൺഗ്രസ് മത്സരിക്കും.
ഇതിനായി വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണമെന്നും തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തെരഞ്ഞെടുപ്പു പ്രചാരണസമിതിക്ക് രൂപംനൽകുന്നതിന് പ്രവർത്തകസമിതി രാഹുലിനെ ചുമതലപ്പെടുത്തി.

തെരഞ്ഞെടുപ്പിനുമുമ്പായുള്ള സഖ്യനീക്കങ്ങളും തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതകളും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതിനും രാഹുലിനെ അധികാരപ്പെടുത്തി. ഇതോടെ നവംബറിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി അടക്കമുള്ള കക്ഷികളുമായി കോൺഗ്രസ് യോജിച്ചുമത്സരിക്കുന്നതിന് സാധ്യതയേറി.

മധ്യപ്രദേശിൽമാത്രം ബിഎസ്പിയുമായി സഖ്യത്തിലേർപ്പെടാനായിരുന്നു കോൺഗ്രസ് തുടക്കത്തിൽ താൽപ്പര്യപ്പെട്ടിരുന്നത്. ഓരോ മണ്ഡലവും കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും കോൺഗ്രസിൽനിന്ന് പോയവരെ മടക്കിക്കൊണ്ടുവരണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

ആർഎസ്എസിന്റെ സംഘടനാപരവും സാമ്പത്തികപരവുമായുള്ള കരുത്തിനെ എതിരിടുന്നതിന് വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവച്ച് തന്ത്രപരമായ സഖ്യങ്ങളിൽ ഏർപ്പെടണമെന്ന് മുൻ അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ കക്ഷിനില നിലവിലെ 44ൽനിന്ന‌് 150 ആയി ഉയർത്തുകയാണ്‌ ലക്ഷ്യമെന്ന്‌ പി ചിദംബരം പറഞ്ഞു. 

പ്രവർത്തകസമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ട ദിഗ്വിജയ് സിങ്, ജനാർദൻ ദ്വിവേദി എന്നിവരെ വിപുലീകൃത യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top