16 November Friday

തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കല്‍: വിയോജിപ്പുമായി പാര്‍ടികള്‍

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018


ന്യൂഡൽഹി

ലോക്സഭാ‐നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തോട് വിയോജിപ്പ് അറിയിച്ച് കൂടുതൽ രാഷ്ട്രീയ പാർടികൾ രംഗത്ത്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള നീക്കത്തോട് യോജിപ്പില്ലെന്ന് ഡിഎംകെ, ഫോർവേർഡ് ബ്ലോക്ക്, ആംആദ്മി പാർടി എന്നീ കക്ഷികൾ ഞായറാഴ്ച ലോ കമീഷനെ അറിയിച്ചു. സിപിഐ എം നേരത്തെ വിയോജിപ്പ് അറിയിച്ചിരുന്നു. കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പുകൾ ഒന്നിപ്പിക്കാൻ രം​ഗത്തുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെങ്കിലും ബിജെപി ഇതേവരെ ലോ കമീഷൻ മുമ്പാകെ അഭിപ്രായം അറിയിച്ചിട്ടില്ല.

തൃണമൂൽ കോൺഗ്രസ്, സിപിഐ, മുസ്ലീംലീഗ്, എഐയുഡിഎഫ്, ഗോവ ഫോർവേർഡ് പാർടി എന്നീ കക്ഷികൾ ലോ കമീഷനെ നേരിൽ കണ്ട് വിയോജിപ്പ് അറിയിച്ചിരുന്നു. സമാജ്വാദി പാർടി, എഐഡിഎംകെ, ജെഡിയു, ടിആർഎസ്, അകാലിദൾ എന്നീ പാർടികളാണ് ഇതുവരെ അനുകൂല നിലപാട് അറിയിച്ചിട്ടുള്ളത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്മുതൽ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തണമെന്ന അഭിപ്രായമാണ് എസ്പിക്കുള്ളതെന്ന് ലോ കമീഷനെ കണ്ട ശേഷം പാർടി നേതാവ് രാംഗോപാൽ യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതിനോട് യോജിപ്പാണെങ്കിലും അത് എളുപ്പമാകുമെന്ന് കരുതുന്നില്ലെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി  പറഞ്ഞു. അനുകൂല നിലപാടുമായി ടിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവു ലോ കമീഷന് കത്തയച്ചു.തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ കാര്യമാണെന്ന് ലോ കമീഷനയച്ച കത്തിൽ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

നിലവിൽ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടക്കാറുള്ള ബെൽജിയം, സ്വീഡൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ ഒന്നിച്ചുചേർത്താൽ പോലും തമിഴ്നാടിന്റെ അത്ര വരില്ല. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളുമായി ഇന്ത്യൻ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുന്നതിൽ അർത്ഥമില്ല. രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് വിരുദ്ധമായ നിർദേശമാണിത്‐ സ്റ്റാലിൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുകയെന്ന നിർദേശം ചർച്ച ചെയ്യുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും 14 രാഷ്ട്രീയ കക്ഷികളെയാണ് ലോ കമീഷൻ ക്ഷണിച്ചിരുന്നത്.ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ നിർദേശമാണിതെന്ന് ലോ കമീഷന് നേരത്തെ അയച്ച കത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.സിപിഐ, ഫോർവേർഡ് ബ്ലോക്ക് തുടങ്ങിയ രാഷ്ട്രീയ പാർടികളും സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

പ്രധാന വാർത്തകൾ
Top