20 July Friday
ആശുപത്രിയില്‍ നെഞ്ചുപിളര്‍ക്കുന്ന കാഴ്ചകള്‍

'ഇത് ആശുപത്രിയല്ല, അറവുശാല'

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

ബിആര്‍ഡി ആശുപത്രിയില്‍ നിന്നൊരു കാഴ്ച

ന്യൂഡല്‍ഹി > നാലുദിവസംമാത്രം പ്രായമുള്ള കുഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന കിഷന്‍ ഗുപ്ത പറഞ്ഞു- 'ഇത് ആശുപത്രിയല്ല, അറവുശാലയാണ്!'. വ്യാഴാഴ്ച രാവിലെ കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് കിഷന്‍ കുഞ്ഞിനെ ഗൊരഖ്പുരിലെ ഏറ്റവും വലിയ ആശുപത്രിയായ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.  നവജാതശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കാമെന്ന് സമ്മതിച്ച ഡോക്ടര്‍മാര്‍ പക്ഷേ വെന്റിലേറ്റര്‍ അനുവദിക്കാനാകില്ലെന്നു പറഞ്ഞു. ഓക്സിജന്‍ ദൌര്‍ലഭ്യതയുള്ളതിനാലാണ് അനുവദിക്കാനാകാത്തത് എന്നായിരുന്നു വിശദീകരണം.

നാലോ അഞ്ചോ മണിക്കൂര്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ശ്വസനസഹായി ഉപയോഗിച്ച് താന്‍ കുഞ്ഞിന് വായു നല്‍കി. എന്നാല്‍, 48 മണിക്കൂറിനകം ആശുപത്രിയില്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച 30 കുഞ്ഞുങ്ങളുടെ കൂട്ടത്തില്‍ തന്റെ കുഞ്ഞും ഉള്‍പ്പെടാനായിരുന്നു വിധിയെന്നും കിഷന്‍ വിങ്ങിപ്പൊട്ടി. ആശുപത്രിയില്‍ വേണ്ട ഒരു സംവിധാനവും ഇല്ലാത്ത ഈ സ്ഥാപനം അറവുശാലമാത്രമാണെന്ന് കിഷന്‍ ഗുപ്ത കുറ്റപ്പെടുത്തി. ഡോക്ടര്‍മാരോ ആശുപത്രിജീവനക്കാരോ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും നടത്തുന്നില്ല. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍പോലും ഒരു കുറ്റബോധവുമില്ലാതെയാണ് അവര്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top