21 November Wednesday

ഛത്തീസ്‌ഗഡിൽ തിങ്കളാഴ്‌ച ആദ്യഘട്ട തെരഞ്ഞെടുപ്പ‌് : കോൺഗ്രസിന‌് നിർണായകം

വെബ് ഡെസ്‌ക്‌Updated: Saturday Nov 10, 2018


ന്യൂഡൽഹി
ഛത്തീസ്‌ഗഡിൽ തിങ്കളാഴ്‌ച ആദ്യഘട്ട തെരഞ്ഞെടുപ്പ‌് നടക്കുന്ന 18 മണ്ഡലങ്ങൾ കോൺഗ്രസിന‌് നിർണായകം. ഇതിൽ 12 മണ്ഡലത്തിലും നിലവിൽ കോൺഗ്രസ‌് എംഎൽഎമാരാണ‌്. ഈ മണ്ഡലങ്ങൾ നിലനിർത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ‌് കോൺഗ്രസ‌് നേതൃത്വം.

മാവോയിസ്റ്റുകൾക്ക‌് ഗണ്യമായ സ്വാധീനമുള്ള ബസ‌്തർ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ‌് ആദ്യഘട്ടം തെരഞ്ഞെടുപ്പ‌്. മുൻ മുഖ്യമന്ത്രി അജിത‌് ജോഗിയുടെ പാർടിയായ ജെസിസിയും ബിഎസ‌്പിയും ചേർന്ന മുന്നണിയും ശക്തമായി രംഗത്തുണ്ട‌്. 2008ൽ 15 മണ്ഡലത്തിലും ബിജെപിയാണ‌് ജയിച്ചത‌്.
2013ൽ രമൺസിങ‌് സർക്കാരിനോടുള്ള ജനവികാരം കോൺഗ്രസിന്റെ നേട്ടമായി. ദന്തേവാഡ, കോണ്ട, ചിത്രകൂട്, ബസ‌്തർ, കൊണ്ടഗാവ‌്, കേശ‌്കൽ, ഭാനുപ്രതാപ‌്പുർ, കാങ്കർ, ദൊങ്കർഗാവ‌്,  ഖേരാഗഡ‌്, ഖുജ്ജി, മൊഹല്ല–-മൻപുർ മണ്ഡലങ്ങളിലാണ‌് കോൺഗ്രസ‌് ജയിച്ചത‌്.

ബിജാപുർ, ജഗ‌്ദൽപുർ, നാരായൺപുർ, അന്താഗഡ‌്, രാജ‌്നന്ദ‌്ഗാവ‌്, ദൊങ്കർഗഡ‌് മണ്ഡലങ്ങളിൽ ബിജെപിയും ജയിച്ചു. 18ൽ 11 ‌എണ്ണം പട്ടികവർഗസംവരണവും ഒരെണ്ണം പട്ടികജാതി സംവരണവുമാണ‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 75.93 ശതമാനമായിരുന്നു പോളിങ‌്. ശേഷിക്കുന്ന 72 മണ്ഡലത്തിൽ 20നാണ‌് വോട്ടെടുപ്പ‌്.


പ്രധാന വാർത്തകൾ
Top