19 September Wednesday

സുനന്ദയുടെ ദുരൂഹമരണം : കുറ്റപത്രം അം​ഗീകരിച്ചു; തരൂര്‍ ഹാജരാകണം

എം അഖിൽUpdated: Wednesday Jun 6, 2018



ന്യൂഡൽഹി
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണകേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എംപിയെ പ്രതിചേർത്ത കുറ്റപത്രം ഡൽഹി കോടതി അംഗീകരിച്ചു. പ്രതിയെന്ന നിലയിൽ ജൂലൈ ഏഴിന് പകൽ 10ന് കോടതിമുമ്പാകെ ഹാജരാകാൻ തരൂരിന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട‌് സമർവിശാൽ  സമൻസ് അയച്ചു. ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങൾക്ക് തുടർനടപടികളുമായി മുന്നോട്ടുപോകാൻ തരൂരിനെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഡൽഹി പൊലീസ് സമർപ്പിച്ച 3000 പേജ് കുറ്റപത്രവും അനുബന്ധതെളിവും വിശദമായി പരിശോധിച്ചാണ് നടപടി. തരൂരിനെമാത്രം പ്രതിയാക്കി മെയ് 14നാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എംപിമാർക്കും എംഎൽഎമാർക്കും  എതിരായ കേസുകൾ വിചാരണ ചെയ്യുന്ന അതിവേഗകോടതിയാണ് കേസ് പരിഗണിക്കുന്നത്. ആത്മഹത്യാപ്രേരണയ്ക്ക് പത്തുവർഷവും ഗാർഹികപീഡനത്തിന് മൂന്നുവർഷംവരെയും തടവാണ് പരമാവധി ശിക്ഷ.

അതേസമയം, കേസിൽ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻസ്വാമി നൽകിയ പ്രത്യേക അപേക്ഷയിൽ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി. ഡൽഹി പൊലീസ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും മരണമുണ്ടായി ഒരുവർഷത്തിനുശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും സ്വാമി ആരോപിച്ചു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് തരൂർ പ്രതികരിച്ചു. നേരിട്ട് ഹാജരാകുന്നതിൽനിന്ന‌് ഇളവ് തേടി തരൂർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കും. ഡൽഹിയിലെ പഞ്ചനക്ഷത്രഹോട്ടലിൽ 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.

സുനന്ദ കടുത്ത മാനസികസംഘഷർത്തിലേക്ക് നീങ്ങിയ അവസരത്തിൽ തരൂർ അവരെ ക്രൂരമായി അവഗണിച്ചു, ഭാര്യയുടെ ഫോൺകോളുകൾ എടുക്കാൻ തയ്യാറായില്ല, ട്വിറ്റർ മുഖേന സുനന്ദ സന്ദേശങ്ങൾ അയച്ചെങ്കിലും അവഗണിച്ചു, മരണത്തിനുമുമ്പുള്ള ദിവസങ്ങളിൽ ദമ്പതികൾ സ്ഥിരമായി കലഹിച്ചിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. മരിക്കുന്നതിന് ഒമ്പതുദിവസംമുമ്പ് സുനന്ദ തരൂരിന് അയച്ച ഇ‐ മെയിൽ മരണമൊഴിയായി സ്വീകരിക്കണമെന്നും തരൂരിനോട് പ്രതിയെന്ന നിലയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രം അംഗീകരിച്ചാൽ കുറ്റംചുമത്തൽ നടപടികൾ തുടങ്ങുമെങ്കിലും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സ്ഥാപിക്കാൻ പ്രോസിക്യൂഷന്റെ പക്കലുള്ള തെളിവുകൾ പര്യാപ്തമല്ലെന്ന വാദമാകും തരൂർ ഉന്നയിക്കുക.

ഈ വാദം ഉന്നയിച്ച് സമർപ്പിക്കുന്ന വിടുതൽഹർജി കോടതി അംഗീകരിച്ചാൽ തരൂരിന് വിചാരണയില്ലാതെ കുറ്റവിമുക്തനാകാം. എന്നാൽ, അപേക്ഷ തള്ളിയാൽ തരൂർ വിചാരണ നേരിടേണ്ടി വരും.

പ്രധാന വാർത്തകൾ
Top