19 December Wednesday

പൊതുമേഖല വിൽപ്പന തിടുക്കത്തിൽ ; 12 പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി

സ്വന്തം ലേഖകൻUpdated: Saturday Dec 8, 2018

ന്യൂഡൽഹി
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ. തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ തിടുക്കത്തിൽ ഓഹരി വിറ്റഴിക്കാനാണ‌് ശ്രമം. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 80,000 കോടി സമാഹരിക്കുമെന്നായിരുന്നു ബജറ്റ‌് പ്രഖ്യാനം. എന്നാൽ സാമ്പത്തികമാന്ദ്യം കാരണം വിൽപന കാര്യമായില്ല. 10,000 കോടി മാത്രമാണ‌് ഇതുവരെ ലഭിച്ചത‌്. അതേസമയം, റവന്യൂകമ്മി മറികടക്കാൻ ഓഹരിവിൽപ്പനലക്ഷ്യം 10 ശതമാനം വർധിപ്പിച്ചു. ഇതോടെ ഓഹരികൾ വിറ്റ‌്  90,000 കോടിയോളം രൂപ  മൂന്ന‌് മാസത്തിനിടയിൽ സമാഹരിക്കാനാണ‌് ധനവകുപ്പ‌് തീരുമാനം. ഓഹരിവിൽപന നടത്തേണ്ട‌് 12 സഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി. കോൾ ഇന്ത്യ, നാൽകോ, എൻഎംഡിസി, ഭെൽ, എച്ച‌്എഎൽ, എൻബിസിസി, എൻഎച്ച‌്പിസി, കെഐഒസിഎൽ (കുദ്രേമുഖ‌് ഇരുമ്പയിര‌് കമ്പനി) എന്നിവയും പട്ടികയിലുണ്ട‌്.

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ  ഓഹരി സ്വകാര്യസ്ഥാപനങ്ങൾക്ക‌് കൈമാറുന്നതോടൊപ്പം  പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിനുള്ള ഓഹരികൾ ഇതര പൊതുമേഖലാ സ്ഥാപനങ്ങൾക്ക‌് വിറ്റ് പണം കണ്ടെത്താനും തീരുമാനിച്ചു.  ഒരേ സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിക്കാനെന്ന പേരിലാണ്  ഓഹരിവിൽപ്പന. ഇത്തരത്തില്‍ പരസ്പരം വിറ്റഴിക്കാനുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയും തയ്യാറാക്കി.

പരസ‌്പര വിൽപനയുടെ ഭാഗമായി റൂറൽ ഇലക്ട്രിക്കൽ കോർപറേഷനിലുള്ള (ആർഇസി) 52.63 ശതമാനം കേന്ദ്രസർക്കാർ ഓഹരി പവർ ഫിനാൻസ‌് കോർപറേഷന‌് വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. ഇതുവഴി 15,000 കോടി കേന്ദ്രത്തിന് ലഭിക്കും. ജലവൈദ്യുതി ഉൽപ്പാദനക്കമ്പനിയായ എസ‌്ജെവിഎന്നിൽ (സത‌്‌ലജ‌് ജലവൈദ്യുതി നിഗം) സർക്കാരിന‌് 64 ശതമാനത്തോളം ഓഹരിയുണ്ട‌്. ഇവ എൻടിപിസി വാങ്ങണമെന്നാണ‌് കേന്ദ്രനിലപാട്. എട്ടായിരം കോടി രൂപയാണ‌് ഇതിലൂടെ പ്രതിക്ഷിക്കുന്നത‌്. എസ‌്ജെവിഎന്നിൽ  ഓഹരിപങ്കാളിത്തമുള്ള ഹിമാചൽപ്രദേശ‌് സർക്കാർ കേന്ദ്രനീക്കത്തെ എതിര്‍ത്ത് രം​ഗത്തുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനപദ്ധതികൾക്ക് വിനിയോഗിക്കേണ്ട പണമാണ‌് ഓഹരികൾ വാങ്ങുന്ന ഇനത്തിൽ കേന്ദ്രസർക്കാരിന‌് നൽകേണ്ടിവരുന്നത്. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പിനും കൂടുതൽ പണം കണ്ടെത്തേണ്ടിവരും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക‌് ഫണ്ട‌് നൽകാൻ വൈമുഖ്യം കാട്ടുന്ന സർക്കാരിൽനിന്ന‌് സഹായം പ്രതീക്ഷിക്കാനും കഴിയില്ല. ഇത‌് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക‌് നയിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top