21 September Friday

കേന്ദ്ര ജല കമീഷന്റെ അന്തിമ റിപ്പോര്‍ട്ട്: പ്രളയകാരണം ശക്തമായ മഴ

സ്വന്തം ലേഖകൻUpdated: Tuesday Sep 11, 2018

 

ന്യൂഡൽഹി
കേരളത്തിലെ പ്രളയത്തിന് കാരണം അണക്കെട്ടുകൾ തുറന്നതല്ല അതിശക്തമായ മഴയാണെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമീഷന്റെ അന്തിമ പഠന റിപ്പോർട്ട്. അണക്കെട്ടുകൾ തുറന്നതിലെ അപാകതയാണ് പ്രളയത്തിന് കാരണമായതെന്ന പ്രചാരണങ്ങളെ വസ്തുത നിരത്തി പഠന റിപ്പോർട്ട് തള്ളി. ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ചത് വയനാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെയാണ്. സംസ്ഥാനത്ത് ജൂൺ ഒന്നിനും ആഗസ്ത് 19നും ഇടയിൽ പെയ്ത അസ്വാഭാവികമഴ 13 ജില്ലകളെയും പ്രളയത്തിലാക്കി. ഈ കാലയളവിൽ 2346.6 മില്ലിമീറ്റർ (എംഎം) മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 1649.5 എംഎം മഴ പ്രതീക്ഷിച്ചിടത്താണ് സാധാരണ ലഭിക്കുന്നതിനേക്കാൾ 42 ശതമാനം അധികം മഴ ലഭിച്ചത്. ആഗസ്ത് ഒന്നിനും 19നും ഇടയിൽ 758.6 എംഎം മഴ ലഭിച്ചു.

സാധാരണ ലഭിക്കുന്ന 287.6 എംഎം മഴയിൽനിന്ന് വ്യത്യസ്തമായി 164 ശതമാനം അധികം മഴ. ഇതിൽ 414 എംഎം മഴയും മൂന്ന് ദിവസങ്ങളിൽ ലഭിച്ചതോടെയാണ് സംസ്ഥാനത്ത് ഗുരുതരമായ പ്രളയം ഉണ്ടായത്. ഇതോടെ ഏതാണ്ട് 35 ഡാമുകളും റിസർവോയറിലേക്കുള്ള ശക്തമായ നീരൊഴുക്കിനെ തുടർന്ന് തുറക്കേണ്ടിവന്നു. പെരിയാർ, പമ്പ, ചാലക്കുടി, ഭാരതപ്പുഴ എന്നിവ കരകവിഞ്ഞൊഴുകാൻ മൂന്നുദിവസത്തെ തുടർച്ചയായ മഴ കാരണമായി.

പ്രളയത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിന് ഡാമുകൾ കാരണമായില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശക്തമായ മഴ കാരണം നിറഞ്ഞ ഡാമുകൾക്ക് പ്രളയത്തിന്റെ വ്യാപ്തി കുറയ്ക്കാനായില്ല. റിസർവോയറുകളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവിന് സമാനമായിരുന്നു പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ വെള്ളത്തിന്റെ അളവും. റിസർവോയർ 75 ശതമാനം നിറഞ്ഞ സ്ഥിതിയിലും ആഗസ്ത് 15 മുതൽ 17 വരെ ഒഴുകിയെത്തിയ 60 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഇടുക്കി ഡാം സംഭരിച്ചത്. സംസ്ഥാനത്തെ ഡാമുകളുടെ പ്രവർത്തനപദ്ധതിയിൽ പുനഃപരിശോധന വേണമെന്ന നിർദേശം ജല കമീഷൻ ആവർത്തിച്ചു.

സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പ്രളയത്തിന് കാരണമായി. മൂന്ന് ദിവസത്തിനിടെ പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ ആറുകളിലൂടെ 1.63 ബില്യൺ ക്യുബിക് മീറ്റർ ജലമാണ് വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തിയത്. തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും അധികജലം ഒഴുക്കിക്കളയാനാകാതെവന്നു. ഇത് പരിഹരിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഡാം സുരക്ഷാ സമിതി പെരിങ്ങൽക്കുത്ത് ഡാം സന്ദർശിച്ച്  സ്പിൽവേയുടെ ശേഷി  പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top