14 December Friday

സിബിഐയിലെ അട്ടിമറി : നേരറിയാൻ സുപ്രീംകോടതി

എം അഖിൽUpdated: Friday Oct 26, 2018

ന്യൂഡൽഹി
സിബിഐ ഭരണം അർധരാത്രി പിടിച്ചെടുത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ. സർക്കാർ പുറത്താക്കിയ സിബിഐ ഡയറക്ടർ അലോക‌് വർമയ‌്ക്ക‌് എതിരായ കേന്ദ്ര വിജിലൻസ‌് കമീഷൻ (സിവിസി)അന്വേഷണത്തിന‌് സുപ്രീംകോടതി മുൻ ജഡ‌്ജി ജസ്റ്റിസ‌് (റിട്ട.) എ കെ പട‌്നായിക‌് മേൽനോട്ടം വഹിക്കും. രണ്ടാഴ‌്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.

സിബിഐ താൽക്കാലിക ഡയറക്ടറായി ചുമതലയേറ്റ എം നാഗേശ്വരറാവുവിന്  നയപരമായ കാര്യങ്ങളിലോ മറ്റ‌് നിർണായക വിഷയങ്ങളിലോ തീരുമാനമെടുക്കാൻ അധികാരമുണ്ടാകില്ല. ദൈനംദിന ഭരണനിർവഹണ കാര്യങ്ങളിൽ മാത്രമേ ഇടപെടാന്‍ പാടുള്ളു. 23ന‌് ചുമതലയേറ്റശേഷം ഇതേവരെ നാഗേശ്വരറാവു സ്വീകരിച്ച നടപടികളുടെ  വിശദാംശങ്ങൾ കൈമാറണം. സിബിഐ ഉദ്യോഗസ്ഥരെ അന്വേഷണചുമതലയിൽനിന്ന‌് നീക്കിയതും സ്ഥലംമാറ്റിയതും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നവംബർ 12നുള്ളിൽ മുദ്രവച്ച കവറിൽ കൈമാറണം –  ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌്  ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

അലോക‌് വർമയുടെയും സർക്കാരേതരസംഘടനയായ കോമൺകോസിന്റെയും ഹർജികളിൽ ജസ്റ്റിസുമാരായ എസ‌് കെ കൗൾ, കെ എം ജോസഫ‌് എന്നിവർ അംഗങ്ങളായ ബെഞ്ച‌് കേന്ദ്രസർക്കാരിനും സിവിസിക്കും സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താനയ‌്ക്കും നോട്ടീസയച്ചു.

തന്നെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും നാഗേശ്വരറാവുവിനെ താൽക്കാലിക ഡയറക്ടറായി നിയമിക്കുകയും ചെയ‌്ത കേന്ദ്രസർക്കാർ, സിവിസി  ഉത്തരവുകൾക്ക‌് എതിരെയാണ‌് അലോക‌്‌വർമ കോടതിയെ സമീപിച്ചത‌്. സിബിഐ ഉദ്യോഗസ്ഥർക്ക‌് എതിരെ ഉയർന്ന ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു കോമൺകോസ് ഹർജിയിലെ ആവശ്യം.

രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസിയായ സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള അടിയന്തര ഇടപെടലാണ‌് സുപ്രീംകോടതി നടത്തിയത‌്.  സിവിസി അന്വേഷണത്തിന‌് സുപ്രീംകോടതി മുൻ ജഡ‌്ജിയുടെ മേൽനോട്ടം ഏർപ്പെടുത്തിയത‌് അസാധാരണ നടപടിയാണ‌്. അന്വേഷണത്തിന‌് മേൽനോട്ടം ഏർപ്പെടുത്താനുള്ള നീക്കത്തെ സിവിസിയും കേന്ദ്രസർക്കാരും ശക്തമായി എതിർത്തെങ്കിലും വാദങ്ങൾ  കോടതി അംഗീകരിച്ചില്ല.

ആരുടെയും മേൽനോട്ടമില്ലാതെ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന‌് സിവിസിക്ക‌് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ‌്ത്ത ആവശ്യപ്പെട്ടു. സിബിഐയ‌്ക്ക‌് മുകളിലുള്ള അധികാരപദവിയാണ‌് സിവിസി. സിബിഐയ‌്ക്ക‌് എതിരായ സിവിസി അന്വേഷണത്തിന‌് മേൽനോട്ടം ആവശ്യമില്ലെന്നും വാദിച്ചു. എന്നാൽ, ‘ഈ കേസിലെ  സവിശേഷ വസ‌്തുതകൾ കണക്കിലെടുത്ത‌്, ഒറ്റത്തവണത്തേക്കുള്ള നടപടിയെന്ന നിലയിൽ’–  അന്വേഷണത്തിന‌് മേൽനോട്ടം ഏർപ്പെടുത്തുകയാണെന്ന‌് കോടതി ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.

സിവിസി അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ച സമയം അപര്യാപ‌്തമാണെന്ന‌് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പരാതിപ്പെട്ടു. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ബന്ധപ്പെട്ട അധികൃതരുടെ പക്കലുള്ള സാഹചര്യത്തിൽ കൂടുതൽ സമയത്തിന്റെ ആവശ്യമില്ലെന്ന‌് ചീഫ‌്ജസ്റ്റിസ‌് പ്രതികരിച്ചു.

പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌്, ലോക‌്സഭ പ്രതിപക്ഷ നേതാവ‌് എന്നിവർ അംഗങ്ങളായ ഉന്നതാധികാര സമിതിയാണ‌് സിബിഐ ഡയറക്ടറെ നിയമിക്കുന്നത‌്. സിബിഐ ഡയറക്ടറെ മാറ്റണമെങ്കിൽ, ഉന്നതാധികാരസമിതിയുടെ അനുമതി ആവശ്യമാണെന്ന‌് അലോക‌് വർമയ‌്ക്ക‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി എസ‌് നരിമാൻ ചൂണ്ടിക്കാട്ടി.

നിർണായക കേസുകളുടെ അന്വേഷണം വഹിച്ചിരുന്ന ഘട്ടത്തിൽ, അലോക‌്‌വർമയെ സ്ഥാനത്ത‌ുനിന്ന‌് നീക്കിയ നടപടി ദുരൂഹമാണെന്ന‌് കോമൺകോസിന‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത‌് ദവേ ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ ആശങ്കകൾ എല്ലാം പരിഗണിക്കാമെന്നും, എന്നാൽ സന്ദർഭത്തിന്റെ ഗൗരവം ഉൾകൊണ്ട‌് ഇടക്കാല ഉത്തരവിൽ ചില നിർദേശങ്ങൾ പുറപ്പെടുവിക്കുകയാണെന്നും കോടതി പറഞ്ഞു.

അതേസമയം, തന്നെ സ‌്പെഷ്യൽ ഡയറക്ടർ സ്ഥാനത്ത‌്നിന്ന‌് നീക്കിയ നടപടി റദ്ദാക്കണമെന്ന‌് രാകേഷ‌് അസ‌്താനയ‌്ക്ക‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ‌്തഗിയുടെ വാദം കോടതി പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ താങ്കളെ കേൾക്കാനാകില്ലെന്നും ആവശ്യം ഉന്നയിച്ച‌് വ്യത്യസ‌്ത റിട്ട‌് ഹർജി നൽകാനും കോടതി നിർദേശിച്ചു. കേസ‌് നവംബർ 12ന‌് കോടതി വീണ്ടും പരിഗണിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top