22 September Saturday

കേന്ദ്ര അധ്യാപക യോഗ്യതാപരീക്ഷ : മലയാളമടക്കം 17 ഭാഷ ഒഴിവാക്കിയത് മരവിപ്പിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Jun 19, 2018




ന്യൂഡൽഹി
കേന്ദ്ര അധ്യാപക യോഗ്യതാപരീക്ഷയിൽനിന്ന് (സിടിഇടി) മലയാളം ഉൾപ്പെടെ 17 ഭാഷകൾ സിബിഎസ്ഇ ഒഴിവാക്കി. എന്നാല്‍ ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽനിന്നും വിദ്യാഭ്യാസ വിദഗ്ധരിൽനിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വിവാദ തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു.

ഈ വർഷം ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മാത്രം പരീക്ഷ നടത്താനായിരുന്നു സിബിഎസ്ഇയുടെ ആദ്യതീരുമാനം. എന്നാല്‍, ഇക്കുറി 20 ഭാഷകളിലും പരീക്ഷ നടത്താന്‍ സിബിഎസ്ഇയോട് നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ  പിന്നീട്  അറിയിച്ചു.

കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്യുന്ന സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിലേക്കുള്ള അധ്യാപകരെയാണ് സിടിഇടിവഴി തെരഞ്ഞെടുക്കുന്നത്. കേരളം ഉൾപ്പെടെ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമായിരുന്നു സിബിഎസ്ഇയുടേത്. അധ്യയനത്തിനുള്ള ഭാഷ, ആശയവിനിമയത്തിനുള്ള ഭാഷ എന്നിവയാണ് ഉദ്യോഗാർഥികൾ തെരഞ്ഞെടുക്കേണ്ടത്. മാതൃഭാഷയാണ് ആശയവിനിമയത്തിന് ഉദ്യോഗാർഥികൾ തെരഞ്ഞെടുക്കുന്നത്.

ആ സാധ്യത ഇല്ലാതാക്കുന്നതായിരുന്നു സിബിഎസ്ഇ തീരുമാനം. ഹിന്ദി ഭാഷ ഇതര സംസ്ഥാനക്കാരെ ഹിന്ദിയോ സംസ്കൃതമോ തെരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന തീരുമാനമാണിതെന്ന് വിദ്യാഭ്യാസമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷഭാഷാ വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കണമെന്ന ഭരണഘടനാവകുപ്പുകളുടെ ലംഘനമാണ് തീരുമാനം. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികളുടെ സാധ്യതകളാണ് ഇല്ലാതാകുന്നത്.

രാജ്യത്തെ ശ്രേഷ്ഠ ഭാഷകളായ തമിഴ്, കന്നട, തെലുങ്ക്, ഒഡിയ, മലയാളം എന്നിവയും ബംഗാളി, ഗുജറാത്തി തുടങ്ങിയ ഭാഷകളുമാ ണ് ഒഴിവാക്കിയത്. ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബോധ്യപ്പെട്ടതോടെയാണ് തീരുമാനം മരവിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top