14 December Friday

സിബിഐ ജോ. ഡയറക്ടറും കുരുക്കിൽ; മക്കളുടെ പേരിൽ കടലാസ‌് കമ്പനികൾ

സ്വന്തം ലേഖകൻUpdated: Sunday Oct 28, 2018


ന്യൂഡൽഹി
സിബിഐ ജോയിന്റ‌് ഡയറക്ടറും ഗുജറാത്ത‌് കേഡർ ഉദ്യോഗസ്ഥനുമായ അരുൺകുമാർ ശർമയുടെ മകനും മകളും ഡയറക്ടർമാരായി വിവിധസംസ്ഥാനങ്ങളിൽ കടലാസ‌്കമ്പനികൾ പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തല്‍. അമിത‌്ഷാ ഉൾപ്പടെ ഗുജറാത്തിലെ ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ‌് അരുൺകുമാർ ശർമ. അരുൺകുമാർ ശർമയുടെ മകൻ കുശാഗ്രശർമ നാല‌് കടലാസ‌് കമ്പനികളുടെയും മകൾ അരിജിത ശർമ ഒരു കടലാസ‌് കമ്പനിയുടെയും ഡയറക്ടറാണ‌്. സിബിഐ അന്വേഷണത്തിന്റെ സംശയനിഴലിലുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ‌്  കടലാസ‌് കമ്പനി രൂപീകരിച്ചത‌്.

രജിസ‌്ട്രാർ ഓഫ‌് കമ്പനിയിൽ നൽകിയ കമ്പനികളുടെ മേൽവിലാസങ്ങൾ വ്യാജമാണ‌്. കമ്പനികൾ രൂപീകൃതമായി വർഷങ്ങൾ പിന്നിട്ടിട്ടും  ഇടപാടുകൾ ഒന്നും നടത്തിയിട്ടില്ല. കുശാഗ്രശർമയും പ്രദീപ‌്കുമാർ റായ‌് എന്നയാളും ചേർന്ന‌് 2017ൽ രൂപീകരിച്ച ‘നിവേശൻ വെൻച്വേഴ‌്സ‌്’ കമ്പനി ഡൽഹി സഫ‌്ദർജങ‌്റോഡിലുള്ള ബോട്ട‌് റൈഡിങ‌് ക്ലബ‌് വിലാസത്തിലാണ‌് രജിസ്റ്റർ ചെയ‌്തത‌്. എന്നാൽ, ഇൗ പേരിൽ അവിടെ ഒരു സ്ഥാപനവും പ്രവർത്തിക്കുന്നില്ല. പ്രദീപ‌്കുമാർ റായ‌് നിരവധി കേസുകളിൽ സിബിഐയുടെ അന്വേഷണ നിഴലിലുള്ള വ്യക്തിയാണ‌്.  ഈ കമ്പനിയുടെ രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത‌് ‘രാകേഷ‌്കുമാർ തിവാരി’ എന്നയാളാണ‌്.

വർഷങ്ങൾക്കുമുമ്പ‌് സിബിഐ ക്യാന്റീൻ നടത്തിയിരുന്ന ആളാണ‌് രാകേഷ‌്കുമാർ തിവാരി. ഉന്നത ഉദ്യോഗസ്ഥർക്ക‌് കോഴപ്പണം കൈമാറുന്ന ഇടനിലക്കാരനായിരുന്നു ഇയാൾ.  സിബിഐ ഉദ്യോഗസ്ഥർക്ക‌് 35ലക്ഷം കോഴ നൽകാൻ ശ്രമിച്ച കേസിൽ നേരത്തെ ഇയാളെ സിബിഐ അറ‌സ്റ്റ‌് ചെയ‌്തിരുന്നു. രൂപീകൃതമായ ശേഷം ‘നിവേശൻ വെൻച്വേഴ‌്സ‌്’ ഇതുവരെയും റിട്ടേണുകൾ ഫയൽ ചെയ‌്തിട്ടില്ല. കുശാഗ്രശർമയും രാകേഷ‌്കുമാർ തിവാരിയുടെ ബന്ധു  പ്രതീക‌്കമൽ കുമാർ ഓജയും ചേർന്ന‌് ഒരുലക്ഷം രൂപ മൂലധനത്തിൽ അഹമ്മദാബാദിൽ തുടങ്ങിയ ‘ ബ്രെവിറ്റി എന്റർപ്രൈസ‌്’ കമ്പനിയുടെ പേരിലും ഇതുവരെ ഇടപാടുകൾ ഒന്നുമില്ല.

ഡൽഹി ദ്വാരകയിലെ മേൽവിലാസത്തിൽ രജിസ‌്റ്റർ ചെയ‌്തിട്ടുള്ള ‘മെറ്റാവേൾഡ‌് എക്കോടെക്ക‌് പ്രൈവറ്റ‌് ലിമിറ്റ‌ഡ‌്’ എന്ന കമ്പനിയുടെ രൂപീകരണവും ദുരൂഹമാണ‌്. 2017 ഫെബ്രുവരിയിൽ അരുൺകുമാർ ശർമയുടെ മകൾ അരിജിതശർമ ഉൾപ്പടെ നാല‌് ഡയറക്ടർമാർ ചേർന്ന‌് രൂപീകരിച്ച ഈ കമ്പനിയും ഇതുവരെ റിട്ടേണുകൾ ഫയൽ ചെയ‌്തിട്ടില്ല.
വൈറ്റ‌്ക്യൂബ‌്സ‌് ബ്രിൻസയൻസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌്, ഇവോൾവ‌് പ്രൊജക്റ്റ‌്സ‌് ആൻഡ‌് മാനേജ‌്മെന്റ‌്സ‌് കൺസൾട്ടൻസി, എസ‌്ഡി കോണ്ടിനെന്റൽ പ്രൈവറ്റ‌് ലിമിറ്റഡ‌് തുടങ്ങി അരുൺകുമാർ ശർമ്മയുടെ മകനും മകളും ഡയറക്ടർമാരായുള്ള മറ്റ‌് കമ്പനികളും രൂപീകൃതമായ ശേഷം ഒരിടപാടും നടത്തിയിട്ടില്ല. ദുരൂഹമായ രീതിയിൽ കടലാസ‌് കമ്പനികൾ രൂപീകരിച്ചതിനെക്കുറിച്ച‌് പ്രതികരിക്കാൻ അരുൺകുമാർ ശർമയോ മക്കളോ തയ്യാറായിട്ടില്ല.

അതേസമയം, സിബിഐ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താന ക്യാബിനറ്റ‌് സെക്രട്ടറിക്ക‌് നൽകിയ പരാതികളിൽ അരുൺകുമാർശർമയുടെ മക്കളുടെ പേരിൽ രാജ്യത്തിന്റെ പലഭാഗത്തും തട്ടിക്കൂട്ടിയിട്ടുള്ള കടലാസ് കമ്പനികളെ കുറിച്ചുള്ള വിശദാംശങ്ങളുണ്ട‌്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ സിബിഐ പണംതട്ടിപ്പ‌് റാക്കറ്റിന്റെ ആസ്ഥാനമായി മാറിയെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ‌് ജോ. ഡയറക്ടർക്ക‌് എതിരായ ആരോപണങ്ങൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top