20 November Tuesday

സ്ത്രീധന പീഡനം: പൊലീസിന് ഉടൻ കേസെടുക്കാം; അധികാരം പുനഃസ്ഥാപിച്ച‌് സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Saturday Sep 15, 2018

ന്യൂഡൽഹി > സ്ത്രീകൾ നൽകുന്ന സ്ത്രീധനപീഡന പരാതികളിൽ അടിയന്തരമായി കേസെടുത്ത് നടപടികളിലേക്ക് നീങ്ങാൻ പൊലീസിനുണ്ടായിരുന്ന അധികാരം സുപ്രീംകോടതി പുനഃസ്ഥാപിച്ചു. അടിയന്തരമായി കേസെടുക്കാൻ പൊലീസിനുണ്ടായിരുന്ന അധികാരം ജസ്റ്റിസുമാരായ എ കെ ഗോയലും യു യു ലളിതും ഉൾപ്പെട്ട ബെഞ്ച് കഴിഞ്ഞവർഷം എടുത്തുകളഞ്ഞിരുന്നു. ഭർത്താവിനോടും കുടുംബക്കാരോടുമുള്ള ശത്രുത തീർക്കുന്നതിന് സ്ത്രീധന പീഡന വിരുദ്ധ ചട്ടം ദുരുപയോഗിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്.

2017 ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിൽ ജില്ലാതലങ്ങളിൽ കുടുംബക്ഷേമ സമിതികൾക്ക് രൂപം നൽകാൻ കോടതി നിർദേശിച്ചിരുന്നു. വ്യാജപരാതികൾ തടയുകയെന്ന ചുമതലയാണ് സമിതിക്ക് നിർദേശിക്കപ്പെട്ടിരുന്നത്. സ്ത്രീധന പീഡന പരാതികൾ ഈ സമിതികൾ പരിശോധിച്ച് വസ്തുതാപരമെന്ന് അംഗീകരിച്ചതിനുശേഷംമാത്രമേ പൊലീസ് കേസെടുക്കാവൂവെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര അധ്യക്ഷനായ ബെഞ്ച് ജില്ലാതലങ്ങളിലെ സമിതികളെന്ന നിർദേശം റദ്ദാക്കി. ക്രിമിനൽ നടപടിചട്ടത്തിൽ ഇത്തരത്തിലുള്ള സമിതികൾക്ക് ഒരു സ്ഥാനവുമില്ലെന്ന് ജസ്റ്റിസ് മിശ്രയും ജസ്റ്റിസുമരായ എ എം ഖാൻവിൽക്കറും ഡി വൈ ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.

498 എ വകുപ്പിന് (ഗാർഹികപീഡനം) കീഴിൽവരുന്ന പരാതികൾക്ക് സത്യസന്ധവും നീതിയുക്തവുമായ ഒരു നടപടിക്രമത്തിന് രൂപം നൽകാനാണ് രണ്ടംഗ ബെഞ്ച് ശ്രമിച്ചത്. എന്നാൽ, നിയമപരമായി അനുവദിക്കപ്പെട്ട പരിധിക്കപ്പുറമായി 498 എ വകുപ്പ് നിർവചിക്കാൻ പാടില്ലായിരുന്നു.

തെറ്റായ രീതിയിൽ അറസ്റ്റുകൾ നടക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം 498എ എന്ന ചട്ടത്തിനല്ല. അറസ്റ്റ‌് അധികാരങ്ങൾ ദുരുപയോഗിക്കുന്ന പൊലീസിനാണ്‐ കോടതി പറഞ്ഞു. സ്ത്രീധന പരാതികൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്ന രണ്ടംഗ ബെഞ്ചിന്റെ നിർദേശത്തോട് ചീഫ് ജസ്റ്റിസ് കോടതി യോജിച്ചു. ഇത്തരത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ച് വ്യാപക പരിശീലനം നൽകാൻ ഡിജിപിമാരോട് കോടതി ആവശ്യപ്പെട്ടു.

കോടതിക്കു പുറത്ത് ധാരണയായാൽ സ്ത്രീധന പീഡന കേസുകൾ അവസാനിപ്പിക്കുന്നതിന് ജില്ലാ കോടതികൾക്ക് രണ്ടംഗ ബെഞ്ച് അധികാരം നൽകിയിരുന്നു. ഈ വ്യവസ്ഥയും ചീഫ് ജസ്റ്റിസ് കോടതി റദ്ദാക്കി. കോടതിക്കു പുറത്ത് ധാരണയായാൽ കേസ് അവസാനിപ്പിക്കുന്നതിന് ഇരുകക്ഷികളും ഹൈക്കോടതിയെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്.

സ്ത്രീധനമായി നൽകിയ വസ്തുവകകൾ കണ്ടെടുത്തതുകൊണ്ടുമാത്രം ജാമ്യം നിഷേധിക്കാൻ പാടില്ലെന്ന ഉത്തരവ് മൂന്നംഗ ബെഞ്ച് ശരിവച്ചിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കൽ, റെഡ് നോട്ടീസ് പുറപ്പെടുവിക്കൽ എന്നിവയൊന്നും എല്ലാ കേസിലും ആവശ്യമില്ലെന്നും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top