17 December Monday

ബുലന്ദ‌്ശഹർ കലാപം ആസൂത്രിതമെന്ന‌് പൊലീസ‌് റിപ്പോർട്ട്; ലക്ഷ്യം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018

ബുലന്ദ‌്ശഹർ > പൊലീസ‌് ഇൻസ‌്പെക്ടർ സുബോധ‌്സിങ‌് കൊലചെയ്യപ്പെട്ട ബുലന്ദ‌്ശഹർ സംഘർഷം ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാനുള്ള വൻ ആസൂത്രണത്തിന്റെ ഭാഗമായി സംഭവിച്ചതെന്ന‌് പൊലീസ‌്റിപ്പോർട്ട‌്. അന്വേഷണത്തിന‌് ചുമതലപ്പെട്ട എഡിജി (ഇന്റലിജൻസ‌്) എസ‌് ബി ശിരോദ‌്കർ തയ്യാറാക്കിയ റിപ്പോർട്ടിലാണ‌് ആസൂത്രണം വിശദമാക്കുന്നത‌്. റിപ്പോർട്ട‌് വെള്ളിയാഴ‌്ച ഡിജിപിക്ക‌് സമർപ്പിച്ചു. പിന്നീട‌് മുഖ്യമന്ത്രിക്ക‌് കൈമാറും.

ബുലന്ദ‌്ശഹറിൽ തബ‌്‌ലീഗി ജമാഅത്തെ സമ്മേളനത്തിന‌് ശേഷം ഗർമുക്തേശ്വറിലേക്കുള്ള സംസ്ഥാന പാതയിലൂടെ മടങ്ങുന്നവരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന‌് റിപ്പോർട്ടിൽ പറയുന്നു. രണ്ടു ദിവസമെങ്കിലും പഴക്കം ചെന്ന പശു അവശിഷ്ടങ്ങളാണ‌് മഹാവ‌് ഗ്രാമത്തിലെ കരിമ്പുപാടത്ത‌് കണ്ടെത്തിയത‌്. സംഭവം ആസൂത്രിതമാണെന്നതിന‌്  ഇത‌് തന്നെ തെളിവാണ‌്. ബജ‌്‌രംഗ‌്ദൾ നേതാവ‌് യോഗേഷ‌് രാജ‌് അവകാശപ്പെടും പോലെ കരിമ്പുപാടത്തിൽ പശുക്കൾ കൊലചെയ്യപ്പെട്ടിട്ടില്ല. പശു അവശിഷ്ടങ്ങൾ കണ്ടതിനെ തുടർന്ന‌് ഒത്തുകൂടിയവരിൽ ചിലർ ബോധപൂർവം പ്രശ‌്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. കലാപം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.

പശുഹത്യാ സംഭവത്തിൽ കേസെടുത്തിട്ടും പിരിഞ്ഞുപോകാൻ അക്രമികൾ തയ്യാറായില്ല. കേസെടുത്തതായി ഇൻസ‌്പെക്ടർ സുബോധ‌്കുമാർ അറിയിച്ചപ്പോൾ അവശിഷ്ടങ്ങൾ കയറ്റേിയ ട്രോളി റോഡിൽ ഉപേക്ഷിച്ച‌് ട്രാക്ടറുമായി കടന്നു. മതസമ്മേളനം കഴിഞ്ഞ‌് വരുന്നവരെ ആക്രമിക്കുകയാണ‌് ലക്ഷ്യമെന്ന‌് ഈ ഘട്ടത്തിൽ സുബോധ‌്കുമാറിനും മറ്റ‌് പൊലീസുകാർക്കും ബോധ്യപ്പെട്ടു. ഇവർ ട്രോളി റോഡിൽ നിന്ന‌് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ചെറുത്തുനിൽപ്പുണ്ടായി. ഈ ഘട്ടത്തിലാണ‌് കല്ലേറു തുടങ്ങിയത‌്. വലിയ ഇന്റലിജൻസ‌് വീഴ‌്ച സംഭവിച്ചിട്ടുണ്ട‌്. ഗൂഢാലോചനയുണ്ടാകാമെന്ന മുന്നറിയിപ്പ‌് സമയത്ത‌് നൽകാനായില്ല. 25 സായുധ കോൺസ‌്റ്റബിളുമാരടക്കം പൊലീസ‌് സംഘം സ്ഥലത്ത‌് എത്തിയിരുന്നെങ്കിലും ഇത‌് മതിയായിരുന്നില്ല. പകൽ ഒമ്പതു മുതൽ ഒരു മണി വരെയുള്ള നിർണായക ഘട്ടത്തിൽ കൂടുതൽ പൊലീസിനെ അയക്കേണ്ടിയിരുന്നു–- ശിരോദ‌്കർ റിപ്പോർട്ടിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top