21 November Wednesday
ടി വി ആർ ഷേണായിയെക്കുറിച്ച് പുസ്തകം

വിരുദ്ധാഭിപ്രായങ്ങള്‍ക്കുള്ള ഇടം ചുരുങ്ങി: പിണറായി

സ്വന്തം ലേഖകൻUpdated: Sunday Jun 24, 2018


ന്യൂഡൽഹി

വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ജനാധിപത്യമണ്ഡലത്തിൽ അതിവേഗം ചുരുങ്ങിവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിരുദ്ധാഭിപ്രായം പറയുന്നവർക്ക് വെടിയുണ്ട ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടു. അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിയെക്കുറിച്ചുള്ള കേരള മീഡിയ അക്കാദമിയുടെ ' ടി വി ആർ ഷേണായി എ സെന്റിനെൽ ഓഫ് ഔർ ടൈം' എന്ന   പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

ടി വി ആർ ഷേണായി പത്രപ്രവർത്തകനായിരിക്കെതന്നെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതരത്തിൽ ഇടപെട്ടു. ഒരു ഘട്ടത്തിൽ അദ്ദേഹം ബിജെപിയോട് അടുപ്പംകാട്ടി. അദ്ദേഹത്തിന്റെ നിലപാടിനോട് വിയോജിപ്പും യോജിപ്പും ഉള്ളവരുണ്ട്. എന്നാൽ, വിരുദ്ധാഭിപ്രായങ്ങൾ പറയാനുള്ള അവകാശം നിലനിർത്തുക എന്നതാണ് ജനാധിപത്യ മതേതര മൂല്യങ്ങളുടെ കാതൽ, പിണറായി പറഞ്ഞു.

വിനാശകരമായ കാലഘട്ടത്തെ നേരിടാൻ  എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ഒത്തൊരുമിച്ചുള്ള നീക്കമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ടി വി ആർ ഷേണായിയുടെ നിലപാടിനോട് വിയോജിക്കുമ്പോഴും അതുപറയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു.

ടി വി ആർ ഷേണായിയുടെ ഭാര്യ സരോജ ഷേണായി, മകൻ അജിത്ത്, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ഡി വിജയമോഹൻ, മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് എന്നിവരും സംസാരിച്ചു.

പ്രധാന വാർത്തകൾ
Top