12 December Wednesday

അമിത്‌ഷായുടെ ബംഗാളിലെ രഥയാത്ര ഹൈക്കോടതി തടഞ്ഞു

ഗോപിUpdated: Thursday Dec 6, 2018

കൊൽക്കത്ത > ബംഗാളിൽ വെള്ളിയാഴ്ച തുടങ്ങാനിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ ഷായുടെ രഥയാത്ര കൊൽക്കത്ത ഹൈക്കോടതി തടഞ്ഞു. സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്ന പോലീസിന്റെ ഹർജി പരിഗണിച്ചാണ് രഥയാത്ര കോടതി താൽക്കാലികമായി വിലക്കിയത്. ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വർഗീയ വിദ്വേഷം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ മൂന്ന്‌ രഥയാത്രകൾ നടത്താനുള്ള പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരുന്നത്.

ആദ്യ രഥയാത്ര ഉത്തര ബംഗാളിലെ കൂച്ച് ബിഹാറിൽ നിന്നും വെള്ളിയാഴ്ച തുടങ്ങുവാനായിരുന്നു പരിപാടി. എന്നാൽ കോടതി നിർദ്ദേശത്തോടെ യാത്ര മുടങ്ങി. ബിജെപി കേന്ദ്ര നേതാക്കളേയും ഉത്തർപ്രദേശ് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തത്. വലിയ തോതിൽ  കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് വേണ്ടത്ര സുരക്ഷ സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ലെന്ന വാദമാണ് പോലീസ് ഉന്നയിച്ചത്. വൻതോതിലുള്ള വർഗീയ പ്രചാരണത്തിലൂടെ സംസ്ഥാനത്ത് വേരുറപ്പിയ്ക്കാനുള്ള  പരിപാടിയുടെ ഭാഗമായിട്ടാണ് രഥയാത്ര ഒരുക്കിയത്. ജനുവരി 9വരെയാണ് കോടതി രഥയാത്ര തടഞ്ഞത്. അതിനുശേഷം ഇതു സംബന്ധിച്ച വീണ്ടും വാദംകേൾക്കും. സിംഗിൾ ബഞ്ചിന്റെ നിർദ്ദേശത്തിനെതിരെ ചീഫ് ജസ്റ്റിസിന്റെ ബിജെപി പരാതി നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top