26 September Wednesday

കശ്മീർ: അശാന്തി വിതയ‌്ക്കാൻ ബിജെപി ; ഗവർണർഭരണത്തിന്‌ വിജ്ഞാപനമായി

എം പ്രശാന്ത്Updated: Thursday Jun 21, 2018


ന്യൂഡൽഹി
പൊതുതെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ട‌്  രാജ്യത്ത‌് വർഗീയ ധ്രുവീകരണം  ശക‌്തമാക്കാൻ മോഡി സർക്കാർ ജമ്മുകശ‌്മീരിനെ  കരുവാക്കുന്നു.  പിഡിപി‐ ബിജെപി സഖ്യസർക്കാർ നിലംപൊത്തിയ ജമ്മു കശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള  തീരുമാനം ഇതിന്റെ ഭാഗം. വിദേശപര്യടനത്തിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച പുലർച്ചെ  ഗവർണർ ഭരണത്തിനുള്ള അനുമതി ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. ഭരണഘടനയുടെ ഒമ്പതാം വകുപ്പുപ്രകാരം ആറുമാസത്തേക്കാണ്  ഗവർണർ ഭരണം.

ലോക്സഭാ തെരഞ്ഞെടുപ്പ് സാധ്യത ചർച്ചചെയ്യാൻ  സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആർഎസ്എസ് നേതാക്കളുമായി ബിജെപി നേതൃത്വം ചർച്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് ബിജെപി കശ്മീരിലെ സഖ്യസർക്കാരിന്റെ പാലം വലിച്ചത്. മോഡി സർക്കാരിന്റെ ജനപ്രീതി ഇടിഞ്ഞതിനാൽ 2019ലെ തെരഞ്ഞെടുപ്പ് വെല്ലുവിളി നേരിടാൻ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കൽമാത്രമാണ് പോംവഴിയെന്ന വിലയിരുത്തലിലാണ് യോഗമെത്തിയത്.

കശ്മീരിനെ ആളിക്കത്തിക്കൽ, അയോധ്യവിഷയം സജീവമാക്കൽ, ന്യൂനപക്ഷ വിരുദ്ധത തീവ്രമാക്കൽ തുടങ്ങിയ ഗൂഢപദ്ധതികൾ  ചർച്ച ചെയ്യപ്പെട്ടു. ഇതിൽ ആദ്യ നടപടിയായി കശ്മീരിനെ തെരഞ്ഞെടുക്കുകയായിരുന്നു. കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ 370‐ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം സജീവമാക്കാനും സംഘപരിവാർ തീരുമാനിച്ചിട്ടുണ്ട്. ഈ അജൻഡ മുന്നോട്ടുവച്ചുള്ള പ്രചാരണത്തിന് ബിജെപി അധ്യക്ഷൻ അമിത് ഷാ തുടക്കമിടും.

ഗവർണർ ഭരണത്തിലൂടെ കശ്മീരിനെ പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരും. താഴ്വര വീണ്ടും രക്തരൂഷിതമാകും. ചർച്ചകളിലൂടെയും വിശ്വാസവർധക നടപടികളിലൂടെയും കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യത നഷ്ടപ്പെടും. ബിജെപി താൽപ്പര്യപ്പെടുന്നതും അതുതന്നെ. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകില്ല. ആറുമാസത്തെ ഗവർണർ ഭരണത്തിനുശേഷം പാർലമെന്റിന്റെ അനുമതിയോടെ രാഷ്ട്രപതിഭരണത്തിലേക്ക് കൊണ്ടുപോകാനാകും. കശ്മീർ സംഘർഷഭൂമിയാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കം. കശ്മീർ കലുഷിതമാകുന്നതോടൊപ്പം പാക‌് അതിർത്തിയും സംഘർഷഭരിതമാകും. ഇതെല്ലാം  ബിജെപിക്ക് താൽപ്പര്യമുള്ള അജൻഡയുമാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top