17 October Wednesday

ഡല്‍ഹി ജുമാമസ്ജിദ് ജമുനാദേവിക്ഷേത്രമാണെന്ന് ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

ന്യൂഡല്‍ഹി > പൗരാണിക മുസ്ലീം സ്മാരകങ്ങളുടെമേല്‍ അവകാശവാദവുമായി വീണ്ടും ബിജെപി. ഡല്‍ഹിയിലെ ജുമാമസ്ജിദ് ജമുനാദേവിക്ഷേത്രമാണെന്ന വാദവുമായി ബിജെപി എംപിയും ബജ്‌രംഗ്ദള്‍ തലവനുമായ വിനയ് കത്യാറാണ് രംഗത്തുവന്നത്. അമ്പലം തകര്‍ത്താണ് പള്ളി പണിതത്. മുഗള്‍ ഭരണകാലത്ത് ആറായിരം ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ  25ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് കത്യാര്‍ വിവാദപ്രസ്താവന നടത്തിയത്.
 
17ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാനാണ് ജുമാമസ്ജിദ് പണി കഴിപ്പിച്ചത്. ചെങ്കോട്ടയും താജ്മഹലും അദ്ദേഹത്തിന്റെ കാലത്താണ് പണിതത്.ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വിനോദസഞ്ചാര വകുപ്പ് തയ്യാറാക്കിയ ഗൈഡില്‍നിന്നുള്‍പ്പെടെ താജ്മഹല്‍ നീക്കിയിരുന്നു.

നടപടി വിവാദമായതോടെ താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന പ്രസ്താവനയുമായി കത്യാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തി. താജ്മഹല്‍ ഭാരതീയതയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന വാദമുള്‍പ്പെടെ അവതരിപ്പിക്കാനും ബിജെപി നേതാക്കള്‍ തയ്യാറായി. രാജ്യത്ത് ഹൈന്ദവ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് തുടര്‍ച്ചയായി മുസ്ലീം സ്മാരകങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതിയിലായ ബിജെപി വിവാദമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവരുന്നതിന്റെ ഭാഗമാണ് കത്യാറിന്റെ പ്രസ്താവനയെ  പൊതുവെ കാണുന്നത്.
 

പ്രധാന വാർത്തകൾ
Top