Top
20
Monday, November 2017
About UsE-Paper

വാഗ്ദാനലംഘനം; ഗുജറാത്തില്‍ ബിജെപി എംഎല്‍എയെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞു

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ഗുജറാത്തില്‍ പട്ടീദാര്‍വിഭാഗത്തിന്റെ രോഷത്തിനു മുന്നില്‍ തെരഞ്ഞെടുപ്പു പ്രചാരണം സംഘടിപ്പിക്കാനാകാതെ ബിജെപി പരുങ്ങുന്നു. സൂറത്തിലെ  മണ്ഡലങ്ങളില്‍ വീട് കയറിയുള്ള പ്രചാരണംപോലും മുടങ്ങി. വെള്ളിയാഴ്ച വരാച്ഛയിലെ പുനാഗാം സ്വാമിനാരായണ്‍ നഗര്‍ സൊസൈറ്റിയില്‍ വോട്ട് ചോദിക്കാനെത്തിയ കരഞ്ജിലെ ബിജെപി എംഎല്‍എ ജനക്ബാഗ്ദാനയെയും പ്രവര്‍ത്തകരെയും പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പിഎഎഎസ്) പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിക്കാതെ കാല്‍ കുത്തരുതെന്ന് പിഎഎഎസ് പ്രവര്‍ത്തകര്‍ പറഞ്ഞു.  ബാഗ്ദാനയും  പ്രവര്‍ത്തകരും ബലംപ്രയോഗിച്ച് സൊസൈറ്റിയില്‍ കയറി വോട്ട് അഭ്യര്‍ഥിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ബിജെപി നേതാക്കളുടെ നിര്‍ദേശാനുസരണം സ്ഥലത്തെത്തിയ പൊലീസ് പിഎഎഎസ് പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുപോയി. പിഎഎഎസ് നേതാവ് ധാര്‍മിക് മാളവ്യയും പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലെത്തി ധര്‍ണ നടത്തിയതോടെയാണ് പ്രവര്‍ത്തകരെ വിട്ടയച്ചത്.  വരാച്ഛയിലെ ഗോകുല്‍നഗര്‍ സൊസൈറ്റിയില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി പ്രവര്‍ത്തകരെ വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന സംഘം മുട്ടയെറിഞ്ഞ് ഓടിച്ചതും വാര്‍ത്തയായിരുന്നു.

വിരാട് നഗറില്‍ വോട്ട് ചോദിക്കാനെത്തിയ വരാച്ഛയിലെ ബിജെപിയുടെ മുന്‍ കൗണ്‍സിലര്‍ ബാബുജിര്‍വാലയും ജനങ്ങളുടെ രോഷം ഏറ്റുവാങ്ങി. വരാച്ഛ, കത്താര്‍ഗാം, സര്‍താന എന്നിവിടങ്ങളിലെ മിക്ക ഹൗസിങ് സൊസൈറ്റികള്‍ക്കു മുന്നിലും 'ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വരരുതെന്ന' ബാനറുകള്‍ കെട്ടിയിട്ടുണ്ട്. വരാച്ഛ എംഎല്‍എ കിഷോര്‍കുമാര്‍ കനാനിയുടെ ഓഫീസിലേക്ക് ഇരച്ചുകയറിയ പട്ടീദാര്‍വിഭാഗക്കാര്‍ ഓഫീസ് അടച്ചുപൂട്ടണമെന്ന് ആവശ്യമുന്നയിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ പിഎഎഎസ് നേതാക്കള്‍ പ്രചാരണം ആസൂത്രിതമായി തടയുകയാണെന്ന് ബിജെപി ആരോപിച്ചു. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പു ഫലത്തിലൂടെ ഇത് വ്യക്തമാകുമെന്നും അവര്‍ അവകാശപ്പെട്ടു.
 

Related News

കൂടുതൽ വാർത്തകൾ »