23 September Sunday

ബിജെപി നേതാക്കൾ പനജിയിലേക്ക്‌; ഗോവൻ സർക്കാർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

പനജി > മുഖ്യമന്ത്രി മനോഹർ പരീക്കറിനു പിന്നാലെ രണ്ടു മന്ത്രിമാരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഗോവയിലെ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. പരീക്കറിന്റെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട‌് സഖ്യകക്ഷിയായ എംജിപി രംഗത്തെത്തി.

സംസ്ഥാനത്ത‌് ഭരണസ‌്തംഭനമാണെന്നും ഈ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വത്തോട‌് എംജിപി ആവശ്യപ്പെട്ടതോടെയാണ‌് പ്രതിസന്ധി ഉടലെടുത്തത‌്. മുഖ്യമന്ത്രി പദവിക്കായി ഒരു വിഭാഗം നേതാക്കൾ രംഗത്തിറങ്ങിയതും ബിജെപിയിലെ കുഴപ്പം മൂർച്ഛിപ്പിച്ചു. അതിനിടെ, നേതൃമാറ്റ ചർച്ചയ‌്ക്കായി ബിജെപി നേതാക്കൾ അടുത്തദിവസം പനജിയിലെത്തും. ദേശീയ നേതാക്കളായ രാംലാൽ, ബി എൽ സന്തോഷ‌് എന്നിവരാണ‌് സമവായ ചർച്ചകൾക്കായി എത്തുന്നത‌്. 

മൂന്നുമാസത്തെ അമേരിക്കയിലെ ചികിത്സയ‌്‌‌ക്കുശേഷം തിരിച്ചെത്തിയ പരീക്കറിനെ ശനിയാഴ‌്‌ചയാണ‌് വീണ്ടും ഡൽഹി ഓൾ ഇന്ത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത‌്. ഇതിനു പിന്നാലെ മന്ത്രിമാരായ ഫ്രാൻസിസ‌് ഡിസൂസയെയും പാണ്ഡുരംഗ മഡേക്കറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ‌് നേതൃമാറ്റം ആവശ്യപ്പെട്ട‌് എംജിപി രംഗത്തെത്തിയത‌്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കുതിരക്കച്ചവടത്തിലൂടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ജനവിധി അട്ടിമറിച്ചും കുത്സിതനീക്കത്തിലൂടെയും പരീക്കർ മുഖ്യമന്ത്രിയായി. എംജിപി (മഹാരാഷ്‌ട്രവാദി ഗോമാന്തക‌് പാർടി), ഗോവ ഫോർവേഡ‌് പാർടി എന്നീ പ്രാദേശികപാർടികളുടെ പിന്തുണയോടെയാണ‌് ബിജെപി അധികാരത്തിലേറിയത‌്. ഭരണ പ്രതിസന്ധി ഉടലെടുത്തതോടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷാ ഏതാനും സംസ്ഥാന നേതാക്കളുമായി ടെലിഫോണിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട‌്. സംസ്ഥാനത്ത‌് ഭരണസ‌്തംഭനമാണെന്നും നിയമസഭ പിരിച്ചുവിടണമെന്നും കോൺഗ്രസ‌് ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
Top