26 September Wednesday

ബംഗളൂരുവില്‍ യുവാക്കള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം; കുട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുത്ത യുവാവിനെ കല്ലുകൊണ്ടിടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

ബംഗളൂരു >  ബംഗളൂരുവില്‍ വിദ്യാര്‍ഥികള്‍ക്ക് ചോക്ലേറ്റ് നല്‍കിയെന്നാരോപിച്ച് ആള്‍കൂട്ടം ഒരാളെ തല്ലിക്കൊന്നു. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം വലിയ തോതില്‍ ആശങ്ക സൃഷ്ടിക്കുമ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്.മൂന്നു പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.

ബിദാര്‍ ജില്ലയിലാണ് അക്രമം നടന്നത്. മുഹമ്മദ് അസം എന്ന ഹൈദരാബാദ് സ്വദേശിയെയാണ് കൊലപ്പെടുത്തിയത്.  ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ തല്‍ഹ ഇസ്മയില്‍ ഖ്വറേഷി, മുഹമ്മദ് സല്‍
മാന്‍,നൂര്‍ മുഹമ്മദ് സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന് വാട്സ്ആപ്പില്‍ പ്രചരണം നടക്കുന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം അക്രമങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞയാഴ്ച മഹാരാഷ്‌ട്രയിലെ ദുലെ ജില്ലയില്‍ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്.

യാത്രക്കിടെ ബല്‍കൂത്ത് തണ്ടയില്‍ ഭക്ഷണം കഴിക്കാന്‍ യുവാക്കള്‍ ഇറങ്ങുകയും ഇതിനിടെ സ്‌കൂള്‍
 കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുകയുമായിരുന്നു.ഇതില്‍ പ്രകോപിതരായവരാണ് ആക്രമണം നടത്തിയത്.

ഉടന്‍ തന്നെ സംഘം രക്ഷപ്പെട്ടെങ്കിലും സമീപ ഗ്രാമത്തിലുള്ളവരെ ഫോണില്‍ വിളിച്ച് വണ്ടി തടയാന്‍ അക്രമികള്‍ ആവശ്യപ്പെടുകയായിരുന്നു. മരം റോഡിലിട്ട് വാഹനം തടയുകയും അസമിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി കല്ലുകൊണ്ടും വടികൊണ്ടും അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
 
മഹാരാഷ്‌ട്രയില്‍ ദുലെ ജില്ലയില്‍ ആദിവാസി ഗ്രാമമായ റയിന്‍പാടയില്‍ ബസില്‍ വന്നിറങ്ങിയ സംഘത്തിലെ അഞ്ച് പേരെയാണ് ആക്രമിച്ചിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍, ഗ്രാമത്തിലെ ഒരു കുട്ടിയോട് സംസാരിക്കുന്നത് കണ്ട് ഞായറാഴ്ച ബസാറില്‍ കൂടിയിരുന്ന ആളുകള്‍ ആക്രമിക്കുകയായിരുന്നു.















 

പ്രധാന വാർത്തകൾ
Top