11 December Tuesday

മോഡി സർക്കാരിനെതിരെ ഐക്യനിര ഉയർത്തി ഭൂമി അധികാർ ആന്ദോളൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018


ന്യൂഡൽഹി > കർഷകസംഘടനകളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും കൂട്ടായ്മയായ ഭൂമി അധികാർ ആന്ദോളൻ സംഘടിപ്പിച്ച ദേശീയ കൺവൻഷൻ ബിജെപിയുടെ ദുർഭരണത്തിനെതിരെ രാജ്യത്ത് ഉയർന്നുവരുന്ന ഐക്യപ്രക്ഷോഭത്തിന്റെ പരിച്ഛേദമായി. കൺവൻഷന് സമാപനംകുറിച്ച് ഇടതുപക്ഷ, മതനിരപേക്ഷ കക്ഷികളുടെ നേതാക്കൾ പങ്കെടുത്ത സമ്മേളനം കർഷകരുടെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. 'രാജ്യത്തെ കാർഷിക പ്രതിസന്ധിയും ഗോരക്ഷയുടെ പേരിൽ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുംനേരെ നടക്കുന്ന കടന്നാക്രമണങ്ങളും' എന്ന വിഷയത്തിലായിരുന്നു കൺവൻഷൻ. പാർലമെന്റ് ഹൗസ് പൊലീസ്സ്റ്റേഷനു മുന്നിൽ ഏപ്രിൽ മൂന്നിന് പ്രതിഷേധം സംഘടിപ്പിക്കും. മെയ് 23ന് ജൻ ഏക്താ ജൻ അധികാർ ആന്ദോളന്റെ നേതൃത്വത്തിൽ ഡൽഹിയിൽ റാലി നടത്താനും കൺവൻഷൻ തീരുമാനിച്ചു.

കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ആദിവാസികളുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ 2015ൽ രൂപം നൽകിയ ഭൂമി അധികാർ ആന്ദോളനിൽ 200ൽപരം സംഘടനകൾ  അണിനിരന്നിട്ടുണ്ട്.

സമാപനസമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, മുൻ എംപി ശരത്യാദവ്, തൃണമൂൽ കോൺഗ്രസ് എംപി ഡോലാസെൻ, സ്വാഭിമാൻ പാർടി നേതാവ് രാജു ഷെട്ടി എംപി, ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജൻ, എസ്യുസിഐ കമ്യൂണിസ്റ്റ് പിബി അംഗം അസിത് ഭട്ടാചാര്യ, എൻസിപി നേതാവ് ഡി പി ത്രിപാഠി എംപി, സിപിഐ എംഎൽ നേതാവ് പുരുഷോത്തം ശർമ, വി എം സിങ് എന്നിവർ സംസാരിച്ചു. അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള അധ്യക്ഷനായി.

വിജുകൃഷ്ണൻ, കെ കെ രാഗേഷ്, പി കൃഷ്ണപ്രസാദ്, മേധ പട്കർ, ടീസ്ത സെതൽവാദ്, പ്രേംസിങ്, അശോക് ചൗധരി, അഖിൽ ഗോഗോയ്, ഡോ. സുനിലം, സുനീത് ചോപ്ര, സത്യവാൻ, മധുരേഷ് കുമാർ തുടങ്ങിയവർ കൺവൻഷനു നേതൃത്വം നൽകി.


 

പ്രധാന വാർത്തകൾ
Top