22 September Saturday
പുറത്താക്കപ്പെട്ട നാൽപ്പതുലക്ഷം പേരിൽ നല്ലൊരു പങ്ക് ബംഗാളി ഹിന്ദുക്കൾ

അസം: പുറത്താക്കപ്പെട്ടവരിൽ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ബന്ധുക്കളും

എം പ്രശാന്ത്Updated: Wednesday Aug 1, 2018

ന്യൂഡൽഹി > അസമിൽ പൗരത്വപട്ടികയുടെ (എൻആർസി) അന്തിമ കരടിൽനിന്ന് പുറത്താക്കപ്പെട്ട നാൽപ്പതുലക്ഷം പേരിൽ നല്ലൊരു പങ്ക് ബംഗാളി ഹിന്ദുക്കൾ. 1500 വർഷമായി ബംഗാളി ഭാഷ സംസാരിക്കുന്നവർ കഴിയുന്ന ലോവർ അസമിലെ ബരാക്ക് താഴ്‌വരയിൽമാത്രം നാലുലക്ഷം പേരാണ് പുറന്തള്ളപ്പെട്ടത്. ഇവരിൽ ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം ഉൾപ്പെടുന്നു. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ബന്ധുക്കളടക്കം പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ എൻആർസി തയ്യാറാക്കുന്നതിനായി സ്വീകരിച്ച നടപടിക്രമം  ചോദ്യംചെയ്യപ്പെടുകയാണ്.

അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്നവരായി ഒരു കോടിയോളം പേരുണ്ട്. ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനത്തിനടുത്ത് വരുമിത്. ബംഗാളി സംസാരിക്കുന്നവരിൽ മുപ്പത് ലക്ഷത്തോളം പേർ ഹിന്ദുമതവിശ്വാസികളാണ്. ലോവർ അസമിലെ ബരാക്ക് താഴ്വരയിലാണ് ഇവരിലേറെയും താമസിക്കുന്നത്. നൂറ്റാണ്ടുകളായി ബരാക്ക് താഴ്വരയിൽ കഴിയുന്ന ബംഗാളി ഭാഷക്കാർക്ക് പുറമെ വിഭജനഘട്ടത്തിലും 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധ ഘട്ടത്തിലും കിഴക്കൻ പാകിസ്ഥാൻ പ്രദേശത്തുനിന്ന‌് ലക്ഷക്കണക്കിനാളുകൾ അസമിലേക്ക് എത്തിയിട്ടുണ്ട്.  ഇവരിലും ഹിന്ദുമതവിശ്വാസികൾ നല്ല രീതിയിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ബംഗ്ലാദേശിലെ ആഭ്യന്തരസാഹചര്യങ്ങൾ മോശപ്പെട്ട ഘട്ടത്തിലും ബംഗാളി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളുടെ കുടിയേറ്റം അസമിലേക്കും ത്രിപുരയിലേക്കും ബംഗാളിലേക്കുമൊക്കെയായി സംഭവിച്ചിട്ടുണ്ട്.

1971 ജൂലൈ 25 ന് ശേഷം അസമിൽ താമസക്കമാക്കിയവരെയെല്ലാം പുറത്താക്കി ക്കൊണ്ടുള്ളതാണ് പൗരത്വ രജിസ്റ്റർ. എന്നാൽ, ഇപ്പോൾ തയ്യാറാക്കപ്പെട്ട രജിസ്റ്ററിൽ നൂറ്റാണ്ടുകളായി അസമിൽ കഴിഞ്ഞുവരുന്ന ലക്ഷക്കണക്കിനാളുകളാണ് ഉൾപ്പെടുന്നത്. നിരക്ഷരരും ദരിദ്രചുറ്റുപാടുകളിൽ കഴിയുന്നവരുമാണ് പുറത്താക്കപ്പെട്ടവരിൽ അധികവും. അതേപോലെ ചില പ്രമുഖരും പുറത്താക്കപ്പെട്ടവരിലുണ്ട്. 1974‐77 കാലയളവിൽ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലിഅഹമ്മദിന്റെ ബന്ധുക്കളും മറ്റും ഈ ഗണത്തിൽപ്പെട്ടവരാണ്. മുൻ രാഷ്ട്രപതിയുടെ സഹോദരൻ ലെഫ്റ്റനന്റ് ഇക്രമുദ്ദീൻ അലിഅഹമ്മദിന്റെ മകനും കുടുംബവുമാണ് പട്ടികയിൽനിന്ന് പുറത്തായത്. പിതാവിന്റെ പാരമ്പര്യം തെളിയിക്കാൻ തക്കമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ലെന്ന കാരണത്താലാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതെന്ന് ഇക്രമുദ്ദീന്റെ മകൻ സിയാവുദ്ദീൻ അലി അഹമ്മദ് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top