Top
17
Sunday, December 2017
About UsE-Paper

ബാബ്റി മസ്‌ജിദ്: തകര്‍ന്നത് മതനിരപേക്ഷ മൂല്യങ്ങള്‍- യെച്ചൂരി

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷികദിനം കരിദിനമായി ആചരിച്ച ഇടതുപക്ഷ പാര്‍ടികള്‍ ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ച്

ന്യൂഡല്‍ഹി > അയോധ്യയില്‍ ബാബ്റി മസ്‌ജിദ് പൊളിച്ചപ്പോള്‍തകര്‍ന്നത് ഭരണഘടന വിഭാവനം ചെയ്‌ത മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങളാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദുവെന്നും മുസ്ളീമെന്നും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ തുടരുന്നത്.
ഗോരക്ഷയുടെപേരിലും സദാചാര പൊലീസിങ്ങിലൂടെയും രാഷ്ട്രീയലക്ഷ്യം നേടാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും യെച്ചൂരി പറഞ്ഞു. ബാബ്റി മസ്‌ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികത്തില്‍ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. 

മതനിരപേക്ഷ റിപ്പബ്ളിക്കെന്ന രാജ്യത്തിന്റെ തനിമയെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്ര നിര്‍മാണമാണ് ലക്ഷ്യം. ന്യൂനപക്ഷങ്ങളും ഇവിടെ ജനിച്ചവരും ഈ നാടിന്റെ അവകാശികളാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമം. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള പോരാട്ടം ഇടതുസംഘടനകള്‍ തുടരുമെന്ന് യെച്ചൂരി പറഞ്ഞു.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ നേതാവ് ഡി രാജ എംപി, ഫോര്‍വേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍, സിപിഐ എം എല്‍ (ലിബറേഷന്‍) നേതാവ് കവിതാ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെ മണ്ഡി ഹൌസില്‍നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനുപേര്‍ അണിനിരന്നു.

അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രദ ബിശ്വാസ്, സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഐ എം, സിപിഐ, എഐഎഫ്ബി, ആര്‍എസ്പി, സിപിഐ എം എല്‍ (ലിബറേഷന്‍), എസ്യുസിഐ സി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ച് നടന്നത്. റാഞ്ചി, ലഖ്നൌ, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളിലും വന്‍ പ്രതിഷേധറാലികള്‍ നടന്നു.  എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളത്തിലും കരിദിനമാചരിച്ചു.

Related News

കൂടുതൽ വാർത്തകൾ »