20 September Thursday

ഔറംഗാബാദ‌് കലാപം: സൂത്രധാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


മുംബൈ
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ലക്ഷ‌്മിനാരായൺ ബഖാരിയ എന്ന ലഷ‌്ച്ചുവിനെയാണ‌് പ്രത്യേക അന്വേഷകസംഘം അറസ്റ്റ‌്ചെയ‌്തത‌്. കലാപം സൃഷ്ടിക്കാൻ ബഖാരിയ ചിലരിൽനിന്ന‌് വൻതുക കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട‌്. ചില ഉന്നതരിൽനിന്നും ഇയാൾ വൻതോതിൽ തുക വാങ്ങിയശേഷം ചിലരെ ഉപയോഗിച്ച‌് കലാപം സൃഷ്ടിക്കുകയായിരുന്നുവെന്നാണ‌് സംശയിക്കുന്നത‌്.

തുക കൈപ്പറ്റിയത‌ിനെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പ്രത്യേക അന്വേഷകസംഘം തലവൻ ശ്രീകാന്ത‌് നവാലെ പറഞ്ഞു. ഇയാളുടെ രാഷ്ട്രീയബന്ധത്തെപ്പറ്റിയും അന്വേഷിക്കുകയാണെന്ന‌് പൊലീസ‌് പറഞ്ഞു.കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ 50 പേരെ അറസ്റ്റ‌് ചെയ‌്തു. ഔറംഗാബാദ‌് മുൻസിപ്പൽ കോർപറേഷൻ കൗൺസിലർമാരായ രാജേന്ദ്ര ജൻജൽ (ശിവസേന), ഫിറാസ‌്ഖാൻ (ഓൾ ഇന്ത്യ മജ‌്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ) എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
നിയമവിരുദ്ധമായി കുടിവെള്ള കണക‌്ഷൻ നൽകിയെന്നതിന്റെ പേരിലാണ‌് ഈമാസം 11ന‌് ഔറംഗാബാദിൽ കലാപം പൊട്ടിപ്പുറപ്പെട്ടത‌്.

മാട്ടികരഞ്ച, ഗാന്ധിനഗർ, ഗാന്ധിബസാർ, ഷാഗഞ്ച‌്, സറഫ എന്നിവിടങ്ങളിലാണ‌് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയത‌്. പൊലീസുകാരടക്കം 60 പേർക്ക‌് പരിക്കേറ്റിരുന്നു.

പ്രധാന വാർത്തകൾ
Top