19 November Monday

അമിത് ഷായുടെ ബാങ്കിൽ 750 കോടി ; നോട്ട‌് പിൻവലിക്കൽ വൻ തട്ടിപ്പ്

സ്വന്തം ലേഖകൻUpdated: Saturday Jun 23, 2018



ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട‌് പിൻവലിക്കൽ പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനുള്ളിൽ ഗുജറാത്തിൽ ബിജെപി നിയന്ത്രിക്കുന്ന രണ്ട് സഹകരണ ബാങ്കുകളിലായി 1500 കോടിയോളം രൂപ നിക്ഷേപിച്ചത് ദുരൂഹം. ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ 745.59 കോടി രൂപയുടെ പിൻവലിച്ച നോട്ടുകളാണ് എത്തിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ ജയേഷ്ഭായ് വിത്തൽഭായ് റദാദിയ ചെയർമാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത‌് 693.19 കോടി രൂപ. ഈ നിക്ഷേപങ്ങളുടെ ഉറവിടം കൃത്യമായി വെളിപ്പെടുത്താൻ രണ്ടു ബാങ്കുകളും തയ്യാറാകാത്തത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

അമിത് ഷായുടെ ബാങ്കിലേക്ക് 750 കോടി രൂപ എത്തിയെന്ന വാർത്ത മാധ്യമങ്ങൾക്കുമേൽ സമ്മർദം ചെലുത്തി പിൻവലിക്കാനുള്ള ശ്രമം ബിജെപി സജീവമാക്കിയിട്ടുണ്ട്. മുംബൈയിലെ മനോരഞ‌്ജൻ എസ് റോയ് എന്ന വിവരാവകാശപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് അമിത് ഷായുടെയും റദാദിയുടെയും സഹകരണ ബാങ്കുകളിലേക്കാണ് ഏറ്റവും കൂടുതൽ പിൻവലിച്ച നോട്ടുകൾ എത്തിയതെന്ന വിവരം പുറത്തായത്. വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് ഇത് വാർത്തയാക്കിയത്. വൈകാതെ മറ്റു പ്രധാന വെബ‌്പോർട്ടലുകളെല്ലാം  പ്രസിദ്ധീകരിച്ചു. എന്നാൽ, വൈകാതെ പല മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വാർത്താപോർട്ടലുകളാണ് ഇതിന് തുടക്കമിട്ടത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഫസ്റ്റ്പോസ്റ്റ്, ന്യൂസ് 18 പോർട്ടലുകളിൽനിന്ന് അമിത് ഷായ്ക്കെതിരായ വാർത്ത അപ്രത്യക്ഷമായി. ഇക്കണോമിക‌് ടൈംസ‌് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പേര‌് നൽകിയെങ്കിലും  അമിത് ഷായാണ് ബാങ്ക് ഡയറക്ടറെന്നത് തമസ്കരിച്ചു.

രണ്ടുദശകത്തോളമായി അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത് അമിത് ഷായാണ്. 2000ത്തിൽ ബാങ്ക് ചെയർമാനായിരുന്നു. പിന്നീട് മോഡിക്കുകീഴിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചപ്പോഴും ഡയറക്ടർസ്ഥാനത്ത് തുടർന്നു. ബിജെപി അധ്യക്ഷനായശേഷവും ഈ പദവിയിൽ മാറ്റമുണ്ടായില്ല. 2016 നവംബർ എട്ടിന്  നാടകീയമായാണ് നരേന്ദ്ര മോഡി 500, 1000 നോട്ടുകൾ പിൻവലിക്കുന്നത‌് പ്രഖ്യാപിച്ചത്. സംഘപരിവാർ നേതൃത്വത്തിന് ഈ തീരുമാനം മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ആ ഘട്ടത്തിൽതന്നെ ആക്ഷേപം ഉയർന്നു. പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ബംഗാളിലടക്കം വിവിധ ഭാഗങ്ങളിൽ ബിജെപിയുടേതായി 500, 1000 നോട്ടുകൾ കൂട്ടത്തോടെ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു. ചിലയിടങ്ങളിൽ വലിയ തോതിൽ ഭൂമി വാങ്ങിക്കൂട്ടി.

രാജ്യത്ത് ഏറ്റവുമധികം പിൻവലിക്കപ്പെട്ട നോട്ടുകൾ എത്തിയ ജില്ലാ സഹകരണ ബാങ്ക് അമിത് ഷായുടേതെന്ന‌് വെളിപ്പെട്ടതോടെ നോട്ട‌് പിൻവലിക്കലിനുപിന്നിലെ തട്ടിപ്പുകൂടിയാണ് വ്യക്തമാകുന്നത്. സംസ്ഥാന സഹകരണ ബാങ്കുകൾക്കൊപ്പം ജില്ലാ സഹകരണ ബാങ്കുകളിലും പിൻവലിച്ച നോട്ടുകൾ നിക്ഷേപിക്കാൻ ആർബിഐ തുടക്കത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ, അഞ്ചുദിവസത്തിനുശേഷം ജില്ലാ സഹകരണ ബാങ്കുകൾക്ക് ആർബിഐ വിലക്കേർപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കള്ളപ്പണം സഹകരണ ബാങ്കുകളിലൂടെ വെളുപ്പിക്കുന്നുവെന്ന ആക്ഷേപത്തെതുടർന്നായിരുന്നു നടപടി. എന്നാൽ, ഈ ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ 750 കോടി രൂപ അമിത് ഷായുടെ ബാങ്കിലും 700 കോടിയോളം രൂപ ഗുജറാത്ത് മന്ത്രിയുടെ ബാങ്കിലും എത്തിയിരുന്നു.

ബിജെപിയുടെ 11 ബാങ്കിൽ എത്തിയത് 3118 കോടി
ന്യൂഡൽഹി
നോട്ടുപിൻവലിക്കലിനെത്തുടർന്നുള്ള അഞ്ചു ദിവസത്തിനുള്ളിൽ ഗുജറാത്തിലെ ബിജെപി നിയന്ത്രണത്തിലുള്ള 11 ജില്ലാ സഹകരണ ബാങ്കിലായി നിക്ഷേപിക്കപ്പെട്ടത് 3118.51 കോടി രൂപ. സംസ്ഥാന സഹകരണ ബാങ്കിൽ 1.11 കോടി രൂപയുടെമാത്രം പിൻവലിച്ച നോട്ടുകൾ എത്തിയപ്പോഴാണ് ബിജെപി നിയന്ത്രണത്തിലുള്ള ബാങ്കുകളിലേക്ക് നോട്ടുകളുടെ പ്രവാഹമുണ്ടായത്.

അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും ബിജെപി മുൻ മന്ത്രി ജയേഷ്ഭായ് വിത്തൽഭായ് റദാദിയ ചെയർമാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കും കൂടാതെ പിൻവലിച്ച നോട്ടുകൾ വൻതോതിൽ എത്തിയ ബിജെപി നിയന്ത്രിത ബാങ്കുകൾ ഇവയാണ്: ബിജെപി എംപി പ്രഭുഭായ് നഗർഭായ് വസവ ഡയറക്ടറായ സൂറത്ത് ജില്ലാ സഹകരണ ബാങ്ക്‐ 369.85 കോടി, ബിജെപി എംഎൽഎ രാജേന്ദ്രസിങ് ചവാഡ ഡയറക്ടറായ സബർകന്ത ജില്ലാ സഹകരണ ബാങ്ക്‐ 328.50 കോടി, മുൻ ബിജെപി മന്ത്രി ശങ്കർ ചൗധരി ഡയറക്ടറായ ബനസ്കന്ത് ജില്ലാ സഹകരണ ബാങ്ക്‐ 295.30 കോടി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ നേരിട്ട നിയന്ത്രണത്തിലുള്ള മെഹ്സാന ജില്ലാ സഹകരണ ബാങ്ക്‐215.44 കോടി, മുൻ എംപിയും മുൻ മന്ത്രിയുമായ ദിലീപ്ഭായ് സംഘാനി ചെയർമാനായ അംറേലി സഹകരണ ബാങ്ക്‐ 205.44 കോടി, ബിജെപി എംഎൽഎ അരുൺസിങ് റാണ ഡയറക്ടറായ ബറൂച്ച് ജില്ലാ സഹകരണ ബാങ്ക്‐ 98.86 കോടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top