21 October Sunday

അന്നപൂർണാദേവി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 14, 2018


മുംബൈ
ഹിന്ദുസ്ഥാനി  സംഗീതത്തിലെ അസാമാന്യപ്രതിഭ വിദുഷി അന്നപൂർണാദേവി (രോഷ്നാര‌, 91 )അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന‌് മുംബൈ ബീച്ച‌് കാൻഡി ആശുപത്രിയിൽ ശനിയാഴ‌്ച പുലർച്ചെ 3.51നായിരുന്നു അന്ത്യം. പണ്ഡിറ്റ‌് രവിശങ്കറിന്റെ മുൻഭാര്യയായ അന്നപൂർണാദേവി സരോദ‌് വിദഗ‌്ധൻ ഉസ‌്താദ‌് അലി അക‌്ബർ ഖാന്റെ സഹോദരിയുമാണ‌്. സംഗീതാചാര്യനായ  ഉസ‌്താദ‌് ബാബ അലാവുദീൻ ഖാന്റെയും മദീനാബീഗത്തിന്റെയും നാലാമത്തെ മകളാണ് അന്നപൂർണ.

ഒരു ഘട്ടത്തിൽ അലി അക‌്ബർ ഖാൻ, അന്നപൂർണ, രവിശങ്കർ എന്നിവർ ഒരുമിച്ച‌് അലാവുദ്ദീൻ ഖാന്റെ ശിഷ്യരായിരുന്നു. അലി അക‌്ബർ ഖാന്റെ സരോദും രവിശങ്കറിന്റെ സിതാറും അന്നപൂർണയുടെ സുർബഹാറും ഒരേസമയം മെയ‌്ഹറിലെ ഗുരുകുലത്തിൽ സംഗീതം പൊഴിച്ചിരുന്നു. 

പണ്ഡിറ്റ‌് രവിശങ്കറുമായുള്ള വിവാഹശേഷം ഇരുവരും ഒരുമിച്ച‌് സംഗീതപരിപാടികൾ നടത്തിയിരുന്നു. രവിശങ്കറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന‌്  അന്നപൂർണാദേവി പൊതുപരിപാടികൾ ഉപേക്ഷിച്ച‌് കുടുംബത്തിലേക്ക‌് ഒതുങ്ങിയെങ്കിലും  വിവാഹബന്ധം നിലനിർത്താനായില്ല. 1962ൽ വേർപിരിഞ്ഞു. വർഷങ്ങളോളം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ എകാന്തമായിരുന്നു അവരുടെ ജീവിതം.  രവിശങ്കറുമായുള്ള ബന്ധത്തിൽ പിറന്ന മകൻ ശുഭേന്ദ്ര ശുഭോശങ്കർ സിതാർ വിദഗ‌്ധനായിരുന്നു. അദ്ദേഹം 1992ൽ മരിച്ചു. രവിശങ്കറുമായി പിരിഞ്ഞശേഷം രൂഷികുമാർ പാണ്ഡ്യയെ 1982ൽ വിവാഹംചെയ്തു. പാണ്ഡ്യ 2013ൽ അന്തരിച്ചു. പ്രമുഖ ബാസുരി വിദഗ‌്ധൻ ഹരിപ്രസാദ‌് ചൗരസ്യ, സിതാർ വിദഗ‌്ധൻ നിഖിൽ ബാനർജി, ശാശ്വതി സാഹ, അമിത‌് ഭട്ടാചാര്യ തുടങ്ങിയവർ അന്നപൂർണാദേവിയുടെ ശിഷ്യരിൽപ്പെട്ടവരാണ‌്. അന്നപൂർണാദേവിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ‌് കോവിന്ദ‌് അടക്കമുള്ളവര്‍ അനുശോചിച്ചു.


പ്രധാന വാർത്തകൾ
Top