19 January Saturday

ജസ‌്റ്റിസ‌് സിക്രിക്ക‌് ഉന്നതപദവി: വിവാദമായപ്പോൾ പിന്മാറി

എം അഖിൽUpdated: Monday Jan 14, 2019

ന്യൂഡൽഹി > അലോക‌്‌വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത‌് നിന്നും നീക്കിയ ഉന്നതാധികാര സമിതിയിൽ അംഗമായിരുന്ന സുപ്രീംകോടതി ജഡ‌്ജി എ കെ സിക്രി കേന്ദ്രം വാ​ഗ്ദാനം ചെയ്ത ഉന്നത പദവി ഏറ്റെടുക്കില്ല. കോമൺവെൽത്ത‌് സെക്രട്ടറിയറ്റ‌് ആർബിട്രൽ ട്രൈബ്യൂണല്‍ (സിഎസ‌്എടി ) അം​ഗത്വം ഏറ്റെടുക്കില്ലെന്ന‌് സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ‌്ജിയായ സിക്രി കേന്ദ്രനിയമമന്ത്രാലയത്തിന‌് കത്ത‌് നൽകി. അലോക‌്‌വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത‌് നിന്നും നീക്കാൻ ഉന്നതതലസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഒപ്പം വോട്ട‌് ചെയ‌്ത ജസ‌്റ്റിസ‌് സിക്രിയെ സിഎസ‌്എടിയിലേക്ക് ശുപാർശ ചെയ്ത കേന്ദ്രനടപടി വൻവിവാദമായ പശ‌്ചാത്തലത്തിലാണ‌്  പിൻമാറ്റം.

നിയമനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നും സ്ഥാനം ഏറ്റെടുക്കാമെന്ന‌് അറിയിച്ച‌്  2018 ഡിസംബറിൽ വാക്കാൽ നൽകിയ ഉറപ്പിൽ നിന്നും പിൻമാറുന്നതായും ജസ‌്റ്റിസ‌് സിക്രി  കത്തിൽ പറയുന്നു. അലോക‌്‌വർമയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്ന ഉന്നതാധികാരസമിതിയിൽ താൻ അംഗമാകുന്നത‌് കഴിഞ്ഞ ആഴ‌്ച മാത്രമാണ‌്. അതിനാൽ ഈ രണ്ട‌് വിഷയവുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രസ‌്താവനയിൽ അറിയിച്ചു.മൂന്നം​ഗ ഉന്നതല സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജസ‌്റ്റിസ‌് സിക്രിയുമാണ് അലോക‌്‌വർമയെ ഉടൻ നീക്കണമെന്ന നിലപാടെടുത്തത്. മൂന്നാമനായ കോണ്‍​ഗ്രസ് നേതാവ‌് മല്ലികാർജുൻ ഖാർഗെ ഇതിനെ എതിര്‍ത്തിരുന്നു. ജസ‌്റ്റിസ‌് എ കെ സിക്രിയെ ട്രിബ്യൂണൽ അംഗമാക്കാൻ  കേന്ദ്രം നവംബറിലാണ‌് ശുപാർശ ചെയ‌്തത‌്.  സിഎസ‌്എടി ഒഴിവിലേക്ക് ജസ്റ്റിസ‌് സിക്രിയെ ശുപാർശ ചെയ്യാൻ ഉന്നതനിർദേശമുണ്ടായതായി വാർത്താപോർട്ടൽ  ‘ദി പ്രിന്റ‌്’ ആണ‌്റിപ്പോർട്ട‌് ചെയ‌്തത‌്. കേന്ദ്രനിയമമന്ത്രി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗൊയ‌്ക്ക‌്  കത്ത് നല്‍കുകയായിരുന്നു.

അലോക‌്‌വർമയ‌്ക്ക‌് എതിരെ കേന്ദ്ര വിജിലൻസ‌് കമീഷൻ (സിവിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് ഉന്നതതല സമിതി തീരുമാനം എടുത്തത‌്. അലോക‌്‌വർമയ്ക്ക‌് എതിരെ തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന‌് മേൽനോട്ടം വഹിച്ച മുൻ ജഡ‌്ജി എ കെ പട‌്നായിക്ക‌് വെളിപ്പെടുത്തി. ഉന്നതതല സമിതിയില്‍ നിന്നും ചീഫ‌്ജസ‌്റ്റിസ‌് ഒഴിവായതിനു പകരമാണ്   സിക്രി അം​ഗമായത്.  അലോകിനെ നീക്കിയ കേന്ദ്രഉത്തരവ‌് റദ്ദാക്കിയ ബെഞ്ചിൽ അംഗമായതിനാലാണ‌് ചീഫ‌്ജസ‌്റ്റിസ‌് പിൻമാറിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top