10 December Monday

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല ; മാധ്യമപ്രവർത്തകരെ സാക്ഷിയാക്കി 2 പേരെ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

ന്യൂഡൽഹി
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകരെ സാക്ഷിയാക്കിയ ‘ഏറ്റുമുട്ടൽ നാടകത്തിൽ' പൊലീസ് രണ്ടുപേരെ വെടിവച്ചുകൊന്നു. അലിഗഡിൽ വ്യാഴാഴ്ച രാവിലെയാണ‌് പിടികിട്ടാപ്പുള്ളികളെന്ന് പൊലീസ് അവകാശപ്പെടുന്ന മുഷ്താക്കിം, നൗഷാദ് എന്നിവരെ വെടിവച്ചുകൊന്നത്. പ്രാദേശിക മാധ്യമപ്രവർത്തകരെ ക്ഷണിച്ചുവരുത്തിയശേഷം  ദൃശ്യങ്ങൾ പകർത്താൻ അവസരമൊരുക്കിയാണ് പൊലീസ് ഇരുവരെയും വധിച്ചത്. മാധ്യമപ്രവർത്തകർ പുറത്തുവിട്ട ചില ദൃശ്യങ്ങളിൽ പൊലീസ് രണ്ടുപേരെ പിന്തുടരുന്നതും  വെടിവയ‌്ക്കുന്നതും വ്യക്തമാണ്. രണ്ട് പൂജാരികളും നാല് കർഷകരും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ‌് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് അവകാശപ്പെട്ടു.

വ്യാഴാഴ്ച രാവിലെ ആറരയോടെ മുഷ്താക്കിം, നൗഷാദ് എന്നിവർ സഞ്ചരിച്ച ബൈക്ക് പൊലീസ് തടഞ്ഞു. ഇരുവരോടും കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അനുസരിച്ചില്ലെന്ന‌് പൊലീസ‌് പറയുന്നു. ബൈക്കിനെ പിന്തുടർന്ന് ചെന്നപ്പോൾ പൊലീസിനുനേരെ വെടിയുതിർത്തു. തിരികെ വെടിവച്ചപ്പോൾ  ഇരുവരും കൊല്ലപ്പെട്ടെന്നാണ‌്  അലിഗഡ് പൊലീസ് മേധാവി അജയ്സാഹ്നി പറഞ്ഞത‌്. അതേസമയം, ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചിട്ടില്ല. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകർ അകലെനിന്ന് ദൃശ്യങ്ങൾ പകർത്തുകയാണുണ്ടായതെന്നും അജയ്സാഹ്നി വിശദീകരിക്കുന്നു. ഔദ്യോഗികഭാഷ്യം വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന  ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായശേഷം സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലകളുടെ പരമ്പരയാണ്. 2017 മാർച്ച‌് മുതൽ ആയിരത്തിലധികം ഏറ്റുമുട്ടലുകൾ നടന്നതായും 66 പേർ കൊല്ലപ്പെട്ടതായും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top