21 September Friday

ആഗസ്‌ത് ഒമ്പതിന് കിസാന്‍സഭയുടെ നേതൃത്വത്തില്‍ ജയില്‍ നിറയ്‌ക്കല്‍ സമരം

സ്വന്തം ലേഖകന്‍Updated: Friday Jun 29, 2018

ന്യൂഡല്‍ഹി > കാര്‍ഷക മേഖലയുടെ നടുവൊടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷിക ദിനമായ ആഗസ്ത് ഒന്‍പതിന് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരം നടത്തും. എല്ലാ ജില്ലകളിലുമായി ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷക സമരത്തിന് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കും. പത്ത് കോടി ഒപ്പുകള്‍ ശേഖരിച്ച് ജില്ലാ കലക്ടര്‍മാര്‍ മുഖേന പ്രധാനമന്ത്രിക്ക് കൈമാറും. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നാന്ദി കുറിക്കലാകും വരുന്ന പ്രക്ഷോഭങ്ങളെന്ന് ഹനന്‍മൊള്ള പറഞ്ഞു.

നാലുവര്‍ഷത്തെ മോഡി ഭരണം കാര്‍ഷിക മേഖലയെ സ്വകാര്യ കുത്തകകള്‍ക്കും വിദേശ നിക്ഷേപത്തിനും തുറന്നുകൊടുത്തു. കന്നുകാലി വില്‍പ്പന ഉപജീവനമാക്കിയ ന്യൂനപക്ഷദളിത് വിഭാഗങ്ങള്‍ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്തവിധം ആക്രമിക്കപ്പെടുകയാണ്. നോട്ടുനിരോധനവും ജിഎസ്ടിയും കാര്‍ഷിവ്യാവസായിക മേഖലകളിലുണ്ടാകകിയ തകര്‍ച്ച പരിഹരിക്കാനായിട്ടില്ല. കര്‍ഷക വിരുദ്ധ നയം തിരുത്തണം എന്നാവശ്യപ്പെട്ട് അവകാശപത്രിക സര്‍ക്കാരിനു സമര്‍പ്പിക്കും. നയങ്ങള്‍ തിരുത്താന്‍ തയാറാകാത്തപക്ഷം കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ദളിത്ആദിവാസിന്യുനപക്ഷ വിഭാഗങ്ങള്‍ എന്നിവരെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ ശക്തമാക്കുമെന്ന് ഹനന്‍മൊള്ള പറഞ്ഞു.

കര്‍ഷകതൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ സിഐടിയുവും കിസാന്‍സഭയും കര്‍ഷക തൊഴിലാളി യൂണിയനും സംയുക്തമായി മഹാറാലി സംഘടിപ്പിക്കും. കുടിയായ്മ നിയമത്തില്‍ അന്യായമായ ഭേദഗതികള്‍ വരുത്തുന്നതിനെതിരെ ജാര്‍ഖണ്ഡില്‍ ജൂലൈ അഞ്ചിന് നടക്കുന്ന ഹര്‍ത്താലിന് കിസാന്‍സഭ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കിസാന്‍സഭ പ്രസിഡന്റ് അശോക് ദാവ്ലെ, ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവരും സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top