17 December Monday

കാര്‍ഷിക വായ്‌പയില്‍ തട്ടിപ്പ്: വായ്‌പ 58561 കോടി, ലഭിച്ചത് 615 പേര്‍ക്ക്

സാജൻ എവുജിൻUpdated: Wednesday Nov 14, 2018

ന്യൂഡൽഹി > രാജ്യത്തെ പൊതുമേഖല ബാങ്കുകൾ -2016ൽ കാർഷികവായ‌്‌‌‌പയായി നൽകിയ 58,561  കോടി രൂപ ഒഴുകിയത‌് കേവലം  615 അക്കൗണ്ടിലേക്ക‌്. ഒരു അക്കൗണ്ടിൽ ശരാശരി എത്തിയത‌് 95 കോടി.  മുൻഗണനാമേഖലയായി പരിഗണിച്ച‌് പലിശ കുറച്ച് നല്‍കുന്ന കാർഷികവായ‌്പകളുടെ പ്രയോജനം കാർഷിക വ്യവസായികൾക്കാണെന്ന‌് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന കണക്ക‌് വെളിപ്പെടുത്തുന്നു. വായ‌്പാ ഗുണഭോക്താക്കളുടെ പേര് വെളിപ്പെടുത്താൻ അധികൃതർ തയ്യാറല്ല.ചെറുകിട, ഇടത്തരം, നാമമാത്ര കർഷർക്ക‌് കൃഷിയിറക്കാൻ വേണ്ട മൂലധനം കുറഞ്ഞ പലിശയിൽ ലഭ്യമാക്കാനാണ‌് കാർഷികവായ‌്പകളെ മുൻഗണനാമേഖലയിൽപ്പെടുത്തിയത‌്. നാല‌് ശതമാനമാണ‌് നിലവിൽ കാർഷികവായ‌്പ പലിശ. എന്നാൽ, യഥാർഥ കർഷകർക്കല്ല, ഇവരിൽനിന്ന‌് ഉൽപ്പന്നങ്ങൾ സംഭരിച്ച‌് വിൽക്കുകയോ സംസ‌്കരണശാലകൾ നടത്തുകയോ ചെയ്യുന്ന വ്യവസായികൾക്കാണ‌് മൊത്തം വായ‌്പയിൽ ഗണ്യമായ ഭാഗം ലഭിക്കുന്നത‌്.

കാർഷികകടം തീർക്കാൻ, കൃഷിക്ക‌് വേണ്ട അടിസ്ഥാനസൗകര്യം ഒരുക്കാൻ, വിളകൾ സൂക്ഷിക്കാനുള്ള സംഭരണശാലകളും ശീതീകരണസംവിധാനങ്ങളും സ്ഥാപിക്കാൻ എന്നിങ്ങനെ മൂന്ന‌് വിഭാഗങ്ങളിലായാണ‌് കാർഷികവായ‌്പകൾ നൽകുന്നത‌്. ബാങ്കുകൾ മൊത്തത്തിൽ നൽകുന്ന വായ‌്പയുടെ 18 ശതമാനം കാർഷികമേഖലയിൽ വിതരണം ചെയ്യണമെന്നതാണ‌് നയം.  റിലയൻസ‌്ഫ്രഷ‌് പോലുള്ള വൻകിടകമ്പനികൾ ശതകോടിക്കണക്കിനു രൂപയാണ‌് കാർഷികവായ‌്പ ഇനത്തിൽ നേടിയെടുക്കുന്നതെന്ന‌് കർഷകസംഘടന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യഥാർഥ കർഷകർ കോടിക്കണക്കിനു രൂപ വായ‌്പ എടുക്കാറില്ല. ഏതാനും ലക്ഷങ്ങൾ വരെ വായ‌്പ ആവശ്യമുള്ളവരാണ‌് ബഹുഭൂരിപക്ഷം കർഷകരും. ഇത്തരത്തിൽ ആയിരക്കണക്കിനു കർഷകർക്ക‌് വായ‌്പ നൽകാൻ വിനിയോഗിക്കേണ്ട പണം ചുരുക്കം ചിലർക്ക‌് നൽകുകയാണ‌്.

നടപടിക്രമങ്ങളിലെ നൂലാമാല  കർഷകർക്ക‌് വായ‌്പ എടുക്കാൻ തടസ്സമാകുന്നുവെന്ന‌് കർഷകനേതാക്കൾ പറയുന്നു. ഉത്തരേന്ത്യയിൽ ഗ്രാമീണകർഷകർക്ക‌് ബാങ്ക‌് ശാഖകളിലെത്തി വായ‌്പകൾ തരപ്പെടുത്തുന്നത‌് ദുഷ‌്കരമാണ‌്. മറിച്ച‌്, വൻകിട കമ്പനികൾക്ക‌് വായ‌്പ രേഖകൾ തയ്യാറാക്കാനും ബാങ്കുകളെ സമീപിക്കാനും എളുപ്പത്തിൽ സാധിക്കുന്നു.  വായ‌്പ വിതരണത്തിലെ ക്രമക്കേടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട‌്. മഹാരാഷ്ട്രയിൽ പഞ്ചസാര മിൽ ഉടമയായ രത‌്നാകർ ഗട്ടെയ‌്ക്ക‌് 5,400 കോടി രൂപയുടെ കാർഷികവായ‌്പ ലഭിച്ചത‌് ക്രമക്കേടിന‌് ഉദാഹരണമാണ‌്. 22 കടലാസ‌് കമ്പനികൾ വഴിയാണ‌് ഗട്ടെ ഇത്രയും തുക വായ‌്പ എടുത്തതെന്ന‌് സംസ്ഥാനത്തെ പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. 2015ലെ വിളവെടുപ്പ‌് കാലത്ത‌് ഗട്ടെ 600 കർഷകരുടെ പേരിലാണ് വായ‌്പ തരപ്പെടുത്തിയത്. 25 ലക്ഷം രൂപ വരെ തിരിച്ചടയ‌്ക്കണമെന്ന‌് ആവശ്യപ്പെട്ട‌് കർഷകർക്ക‌് ബാങ്കുക‌ളിൽനിന്ന‌് നോട്ടീസ‌് ലഭിച്ചതോടെയാണ‌് തട്ടിപ്പ‌് പുറത്തായത‌്. കർഷകർ നേരിടുന്ന ഇത്തരം പ്രശ‌്നങ്ങൾ 29നും 30നും നടക്കുന്ന കിസാൻ മുക്തി റാലിയിൽ ഉന്നയിക്കുമെന്ന‌് അഖിലേന്ത്യാ കിസാൻസഭ നേതാക്കൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top