20 November Tuesday

എയ‌്റോ ഇന്ത്യ ബംഗളൂരുവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ബംഗളൂരു
വിവാദങ്ങൾക്കൊടുവിൽ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ‌്റോ ഇന്ത്യ 2019 ബംഗളൂരുവിൽത്തന്നെ നടത്തുമെന്ന‌് പ്രതിരോധ മന്ത്രാലയം. അടുത്തവർഷം ഫെബ്രുവരി 20 മുതൽ 24 വരെ ബംഗളൂരുവിൽ എയ‌്റോ ഇന്ത്യ ഷോ നടത്തുമെന്ന‌് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിജെപി സമ്മർദത്തെ തുടർന്ന‌് പ്രദർശനം ഉത്തർപ്രദേശിലെ ലഖ‌്നൗവിലേക്ക‌് മാറ്റാനുള്ള കേന്ദ്രനീക്കം വൻ വിവാദമായിരുന്നു.

ഇന്ത്യയുടെ യശസ്സ‌് ഉയർത്തുന്ന വ്യോമയാന പ്രദർശനം അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ‌്. വിവിധ രാഷ്ട്രത്തലവന്മാരും വ്യോമയാന, പ്രതിരോധ സ്ഥാപനങ്ങളും വൻകിട കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കാറുണ്ട‌്. 1996ൽ ആരംഭിച്ച എയ‌്റോ ഇന്ത്യയുടെ 11 പതിപ്പുകളും ബംഗളൂരുവിലാണ‌് വിജയകരമായി സംഘടിപ്പിച്ചത‌്.

എന്നാൽ, ഇത്തവണ പ്രദർശനം ലഖ‌്നൗവിൽ നടത്തണമെന്നാവശ്യപ്പെട്ട‌് ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് ആവശ്യപ്പെട്ടതാണ‌് വിവാദങ്ങൾക്ക‌് വഴിയൊരുക്കിയത‌്. പ്രതിരോധമന്ത്രി നിർമല സീതാരാമനെ നേരിൽക്കണ്ട‌ാണ‌് ഇക്കാര്യം ഉന്നയിച്ചത‌്. ഒരു വിഭാഗം ബിജെപി കേന്ദ്രനേതാക്കളുടെ സമ്മർദംകൂടിയായതോടെ എയ‌്റോ ഇന്ത്യ നടക്കില്ലെന്ന ആശങ്കവരെ ഉയർന്നിരുന്നു. യുപി മുഖ്യമന്ത്രിയുടെ നടപടി കർണാടകത്തിന്റെ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി.

പ്രദർശനം ബംഗളൂരുവിൽത്തന്നെ നടത്തണമെന്നാവശ്യപ്പെട്ട‌് കർണാടകം സമ്മർദം ശക്തമാക്കി. മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി പ്രധാനമന്ത്രിക്ക‌് കത്തയക്കുകയും ചെയ‌്തു. ഇതോടെയാണ‌് പ്രദർശനം ബംഗളൂരുവിൽത്തന്നെ നടത്താൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത‌്.തമിഴ‌്നാട‌്, ഗുജറാത്ത‌്, രാജസ്ഥാൻ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളും പ്രദർശനം നടത്താനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിച്ചിരുന്നു.


പ്രധാന വാർത്തകൾ
Top