18 September Tuesday

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ‌്റ്റ‌്: പൊലീസ‌് നടപടി ‘ചാനൽ കത്തിന്റെ’ അടിസ്ഥാനത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


  ന്യൂഡൽഹി

മഹാരാഷ്ട്ര പൊലീസ് മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും ഇടതുചിന്തകരെയും വേട്ടയാടുന്നത് റിപ്പബ്ലിക് ചാനൽ “പുറത്തുവിട്ട കത്തിന്റെ’ അടിസ്ഥാനത്തിൽ. ജൂലൈ നാലിനാണ് സംഘപരിവാർ ചാനലായ “റിപ്പബ്ലിക്’ മാവോയിസ്റ്റ‌് ഗൂഢാലോചനയെന്ന പേരിൽ കള്ളക്കഥകൾ സംപ്രേഷണം ചെയ്തത്. ഇപ്പോൾ വീട്ടുതടങ്കലിൽ കഴിയുന്ന, ട്രേഡ് യൂണിയൻ നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ പ്രൊഫ. സുധ ഭരദ്വാജ് അടക്കമുള്ളവർക്കെതിരെ അന്ന് ചാനൽ ആരോപണം ഉന്നയിച്ചിരുന്നു.

പൂർണമായും ഭാവനാസൃഷ്ടിയായ കത്തിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നതെന്ന് സുധ ഭരദ്വാജ് പ്രതികരിച്ചു. തന്നെ കുടുക്കാൻ പൊലീസ് കോടതിയിൽ ഹാജരാക്കിയ “കത്ത്’ മനുഷ്യാവകാശ പ്രവർത്തകരെയും സംഘടനകളെയും ക്രിമിനലുകളായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻവഴി പ്രസിദ്ധീകരണത്തിനു നൽകിയ കത്തിൽ അവർ പറഞ്ഞു. റിട്ട. ജസ്റ്റിസ് ഹോസ്പത് സുരേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഐഎപിഎൽ എന്ന അഭിഭാഷകസംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാണ് നീക്കം.

പഞ്ചാബിലെ മോഗയിൽ പരിപാടി സംഘടിപ്പിക്കാൻ 50,000 രൂപ നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കശ്മീരി വിഘടനവാദികളുമായി ബന്ധമുള്ള മഹാരാഷ്ട്ര സ്വദേശി “അങ്കിതുമായി’ ആശയവിനിമയം നടത്തിയെന്ന ആരോപണവും സുധ ഭരദ്വാജ് നിഷേധിച്ചു. “ഈ കത്ത്’ റിപ്പബ്ലിക്  ചാനൽ പുറത്തുവിട്ടപ്പോൾത്തന്നെ അതിന്റെ ഉള്ളടക്കം താൻ  തള്ളിക്കളഞ്ഞിരുന്നുവെന്ന് അവർ പറഞ്ഞു.


പ്രധാന വാർത്തകൾ
Top