17 August Friday

വിദ്വേഷ ആള്‍ക്കൂട്ട അക്രമങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍; ഒന്നാമത് യുപി - റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍Updated: Tuesday Jul 17, 2018

ന്യൂഡല്‍ഹി > വിദ്വേഷആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെയുള്ളത് ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍. മുസ്ലിംന്യൂനപക്ഷങ്ങളും ദളിത്, ആദിവാസി വിഭാഗങ്ങളും ട്രാന്‍സ്‌ജെന്ററുകളുമാണ് വ്യാപകമായി ആക്രമണത്തിന് ഇരയാകുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ 100 ആള്‍ക്കൂട്ട അതിക്രമങ്ങളാണ് രാജ്യത്ത് ഉണ്ടായത്. ദളിതുകള്‍ക്കെതിരെ 67 ആക്രമണങ്ങളും മുസ്ലിങ്ങള്‍ക്കെതിരെ 22 ആക്രമണങ്ങളും ഉണ്ടായതായാണ് രേഖപ്പെടുത്തപ്പെട്ട കണക്കുകള്‍. പശുസംരക്ഷകര്‍ ചമഞ്ഞുള്ള കൊലകളും ദുരഭിമാനക്കൊലകളുമാണ് ഏറ്റവും കൂടുതല്‍. ഇതില്‍ 18 എണ്ണം യുപിയിലാണ്. ഗുജറാത്തില്‍ 13ഉം രാജസ്ഥാനില്‍ എട്ടും അതിക്രമസംഭവങ്ങള്‍ ഉണ്ടായി. തമിഴ്‌നാടും ബീഹാറുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്.

2017ല്‍ 200ഉം 2016ല്‍ 237ഉം വിദ്വേഷ അതിക്രമങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 2007ലും 2016ലും ഏറ്റവും കൂടുതല്‍ വിദ്വേഷ അതിക്രമങ്ങള്‍ നടന്നതും യുപിയിലാണ്. യുപി, ഹരിയാന, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ രണ്ടുവര്‍ഷം ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. പശുമാംസം വീട്ടില്‍സൂക്ഷിച്ചു എന്നാരോപിച്ച് 2015 സെപ്തംബറില്‍ യുപിയിലെ ദാദ്രയില്‍ മുഹമ്മദ് അക്‌ലാഖിനെ കൊലപ്പെടുത്തിയതിനുശേഷമുള്ള കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനുശേഷം രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട 603 വിദ്വേഷആള്‍ക്കൂട്ട അതിക്രമങ്ങളാണ് ഉണ്ടായത്.

യുപിയിലെ ഹാപൂരില്‍ പശുവിനെ കശാപ്പുചെയ്‌തുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മുഹമ്മദ് ഖാസിമിനെ കൊലപ്പെടുത്തിയ സംഭവവും ഉള്‍പ്പെടും.ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുഹമ്മദ് ഖാസിമിനെ വലിച്ചിഴയ്ക്കുന്നതിന് പൊലീസ് അകമ്പടിസേവിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബുലന്തേശ്വറിലെ സോണ്ട ഹബിബ്പൂര്‍ ഗ്രാമത്തില്‍ 44കാരനെ സ്വന്തം തുപ്പല്‍ തറയില്‍നിന്ന് നക്കിയെടുക്കാന്‍ നിര്‍ബന്ധിച്ച് ഖാപ് പഞ്ചായത്ത് ശിഷ നടപ്പാക്കിയിരുന്നു. മകന്‍ മറ്റൊരു വിഭാഗത്തില്‍നിന്ന് വിവാഹം കഴിച്ചതിനായിരുന്നു പ്രാകൃത ശിക്ഷ.

രാജസ്ഥാന്‍, യുപി, ഹരിയാന സംസ്ഥാനങ്ങളിലായി പശുക്കടത്തും കശാപ്പും ആരോപിച്ച് നിരവധി ആക്രമണങ്ങളാണ് നടന്നത്. പെഹ്‌ലുഖാന്‍, ഉമര്‍ഖാന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശി 16കാരനായ ജുനൈദ് ട്രെയിനില്‍ വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും രാജ്യത്തെ നടുക്കിയ സംഭവമാണ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top