18 September Tuesday

ആത്മഹത്യചെയ്യുന്ന 10 സ‌്ത്രീകളിൽ 4 പേർ ഇന്ത്യക്കാർ

സ്വന്തം ലേഖകൻUpdated: Friday Sep 14, 2018

ന്യൂഡൽഹി > ലോകത്ത് ആത്മഹത്യ ചെയ്യുന്ന 10 സ്ത്രീകളിൽ നാലുപേരും ഇന്ത്യക്കാർ. 1990ൽ സ്ത്രീകളുടെ ആഗോളതല ആത്മഹത്യക്കണക്കിൽ ഇന്ത്യയുടെ പങ്ക് 25 ശതമാനമായിരുന്നു. 2016ൽ 37 ശതമാനമായി ഉയർന്നു. 1990‐2016 കാലത്ത് രാജ്യത്ത് ആത്മഹത്യചെയ്‌ത സ്‌ത്രീകളിൽ 71.2 ശതമാനവും 15‐39 പ്രായപരിധിയിലുള്ളവരാണെന്നും “ദ ലാൻസെറ്റ് പബ്ലിക് ഹെൽത്തി’ന്റെ റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്, കർണാടകം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് സ്ത്രീകളുടെ ആത്മഹത്യാനിരക്കിൽ മുന്നിൽ. 15‐29, 15‐39 എന്നീ രണ്ട് പ്രായപരിധികളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളിൽ ഏറ്റവും മുഖ്യ മരണകാരണം ആത്മഹത്യയാണ്.

രാജ്യത്ത് ആത്മഹത്യചെയ്യുന്ന സ്ത്രീകളിൽ ഏറിയ പങ്കും വിവാഹിതരാണ്. നിർബന്ധിത വിവാഹം, ചെറിയ പ്രായത്തിലുള്ള വിവാഹവും ഗർഭധാരണവും, ഗാർഹിക പീഡനം, താഴ്ന്ന സാമൂഹ്യപദവി, സാമ്പത്തിക പരാധീനത എന്നിവയാണ് സ്വയം ജീവനൊടുക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാത്ത സാമൂഹ്യ സാഹചര്യമാണ് നിലനിൽക്കുന്നത്. 2016ൽ  രാജ്യത്ത്  15‐39 പ്രായപരിധിയിലുള്ള 1,45,567 പേരാണ് ആത്മഹത്യ ചെയ്തത്. രണ്ടാമത്തെ ഏറ്റവും വലിയ മരണകാരണം റോഡപകടങ്ങൾ. 1,15,714 പേർക്കാണ‌് ജീവൻ നഷ്ടപ്പെട്ടത‌്.

ഹൃദ്രോഗം ബാധിച്ച് 85,733 പേരും ക്ഷയം പിടിപെട്ട് 79,845 പേരും മരിച്ചു. 1990ൽ മൊത്തം 1.64 ലക്ഷം പേരാണ് സ്വയം ജീവനൊടുക്കിയതെങ്കിൽ 2016ൽ 2.30 ലക്ഷമായി. 40.1 ശതമാനം വർധന.ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്ക് ആത്മഹത്യാനിരക്ക് ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതായും റിപ്പോർട്ടിലുണ്ട‌്. ലോകജനസംഖ്യയിൽ ഇന്ത്യയുടെ പങ്ക് 17.8 ശതമാനമായിരിക്കെ ആത്മഹത്യയിൽ 36.6 ശതമാനമാണ്. ഈ സാഹചര്യത്തിൽ ആത്മഹത്യയെ ഗൗരവതരമായ ആരോഗ്യപ്രശ്നമായി കണ്ട് പ്രതിരോധനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട‌്.


പ്രധാന വാർത്തകൾ
Top