23 May Wednesday

കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടായിസം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

 കണ്ണൂര്‍ > എടയന്നൂരിലെ കൊലപാതകത്തിന്റെ പേരില്‍ കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ ഗുണ്ടായിസം. പ്രതിഷേധ പ്രകടനമെന്ന നാട്യത്തില്‍ മുഖംമറച്ചെത്തിയ ക്രിമിനലുകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്തു. സിപിഐ എം, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനങ്ങളുടെ ഭാഗമായി ഉയര്‍ത്തിയ പ്രചാരണ സാമഗ്രികള്‍ പൂര്‍ണമായി നശിപ്പിച്ചു.

 
വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സമ്മേളനത്തിന്റെ നാല് സ്തൂപങ്ങളും എട്ട് വലിയ ബോര്‍ഡുകളും മുപ്പതോളം ചെറുബോര്‍ഡുകളും നൂറുകണക്കിന് കൊടികളും നശിപ്പിച്ചു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ദീപശിഖാ ജാഥകളുടെ ബോര്‍ഡുകളാണ് അടിച്ചുതകര്‍ത്തത്. പഴയ ബസ്റ്റാന്‍ഡ് മുതല്‍ ഗാന്ധി സര്‍ക്കിള്‍ വരെ ഒരൊറ്റ ബോര്‍ഡും അക്രമികള്‍ ബാക്കിവച്ചില്ല.
 
 
പൊലീസ് സ്ഥലത്തുണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളെ തടഞ്ഞില്ലെന്ന് പരാതിയുണ്ട്.അക്രമം ആസൂത്രണം ചെയ്താണ് സംഘം എത്തിയതെന്ന് മുഖം മറച്ചതില്‍നിന്ന് സ്പഷ്ടമാണ്. അതിക്രമത്തിനെതിരെ വാട്ടര്‍ അതോറിറ്റി യൂണിയന്‍ ഭാരവാഹികള്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. വൈകിട്ട് പ്രതിഷേധ പ്രകടനവും നടത്തി. 

 
പ്രധാന വാർത്തകൾ
Top