22 September Saturday

സൂക്ഷിക്കുക, ഇംഗ്ലണ്ടും ബൽജിയവും വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

ഇരട്ടഗോൾ നേടിയ ഇംഗ്ലണ്ട്‌് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ആഹ്ലാദക്കുതിപ്പ്. പിന്നിൽ ജോൺ സ്റ്റോൺസ്.


മോസ്കോ
യുവത്വത്തിന്റെ ആവേശവുമായി കുതിച്ചെത്തിയ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് ടുണീഷ്യയെ കീഴടക്കി  ലോകകപ്പിൽ അരങ്ങേറി. ചുരുങ്ങിയത് അരഡസൻ ഗോളിനെങ്കിലും ജയിച്ചുകയറേണ്ട മത്സരത്തിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനായി ഇരട്ട ഗോളടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവേ പരിക്ക്സമയത്തായിരുന്നു വിജയഗോൾ.

പതിനൊന്നാം മിനിറ്റിൽ കോർണർകിക്കിൽനിന്നും വന്ന പന്തിന് ജോൺ സ്റ്റോൺസ് തലവെച്ചെങ്കിലും ടുണീഷ്യൻ ഗോളി തട്ടിയകറ്റി. കാത്തുനിന്ന ഹാരി കെയ്ൻ വലയിലേക്ക് തട്ടിയിട്ടു. 35‐ാം മിനിറ്റിൽ ടുണീഷ്യ തിരിച്ചടിച്ചു. ബെൻ യൂസഫിനെ കെൽവാൽക്കർ ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനൽറ്റി ഫെർജാനി സാസി ലക്ഷ്യത്തിലെത്തിച്ചു.  രണ്ടാം പകുതിയിൽ കളംനിറഞ്ഞുകളിച്ച ഇംഗ്ലണ്ടിനെ ടുണീഷ്യൻ പ്രതിരോധക്കാരും ഗോളിയും ചേർന്ന് തടഞ്ഞു. സ്റ്റെർലിങ്ങും ലിൻഗാഡും അവസരങ്ങൾ പാഴാക്കി. ഒടുവിൽ ഹെഡ്ഡറിലൂടെ ക്യാപ്റ്റന്റെ ഗോളെത്തി. 

പാനമയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകർത്ത് ബൽജിയവും പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ ഒരു ഗോളിന് വീഴ്ത്തി സ്വീഡനും ആദ്യവിജയം കുറിച്ചു. സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളാണ് ബൽജിയം വിജയത്തിന്റെ സവിശേഷത. ഡ്രെയ്സ് മെർടൻസാണ് ആദ്യ ഗോളടിച്ചത്.  ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയക്കെതിരെ സ്വീഡന്റെ വിജയം പെനൽറ്റികിക്കിൽനിന്നായിരുന്നു. വീഡിയോസഹായസംവിധാനം (വാർ) നിശ്ചയിച്ച പെനൽറ്റികിക്ക് ക്യാപ്റ്റൻ ആന്ദ്രേ ഗ്രാൻക്വിസ്റ്റ് ലക്ഷ്യത്തിലെത്തിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top