18 September Tuesday

28നകം വൈറ്റില ജങ‌്ഷനിലെ കുഴികളടയ‌്ക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


കൊച്ചി

 ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടുന്ന വൈറ്റില ജങ‌്ഷനിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ജങ‌്ഷനു ചുറ്റുമുള്ള റോഡിലെ കുഴികളെല്ലാം  28നകം അടയ്ക്കും. നടപടികൾക്ക് രൂപംനൽകുന്നതിന‌് കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള ജങ‌്ഷൻ സന്ദർശിച്ചു. ഹൈവേയിൽ പടിഞ്ഞാറുവശത്ത് പാലാരിവട്ടം ഭാഗത്തേക്കുള്ള പ്രദേശം, കിഴക്കുവശത്ത് മസാഫി ഹോട്ടലിനു മുൻവശം, പ്രധാന ജങ‌്ഷൻ സിഗ‌്നൽ പോയിന്റിനു സമീപം, വൈറ്റില ക്ഷേത്രത്തിനു മുൻവശം, അനുഗ്രഹ ഹോട്ടലിനു മുന്നിലെ സർവീസ് റോഡ് എന്നിവിടങ്ങളിലെത്തിയ കലക്ടർ കുഴിയടയ്ക്കാൻ പൊതുമരാമത്ത് വകുപ്പിന‌് നിർദേശം നൽകി. വൈറ്റില അണ്ടർപ്പാസിന് അടിവശത്ത് രൂപപ്പെട്ട വലിയ കുഴി എത്രയുംപെട്ടെന്ന് അടയ്ക്കാൻ വാട്ടർ അതോറിറ്റിയോടും ആവശ്യപ്പെട്ടു.

പാലാരിവട്ടം ഭാഗത്തേക്കുള്ള റോഡിൽ ടൈൽ വിരിക്കുന്നത് രാത്രിയോടെ പൂർത്തിയാക്കി  തിങ്കളാഴ‌്ച ഗതാഗതത്തിന് റോഡ് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ടാക്‌സി സ്റ്റാൻഡിനു സമീപമുള്ള  കുഴികൾ  29ന് രാത്രിയോടെ അടയ്ക്കും.  30ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. 30 ഓടെ ഹൈവേയുടെ ഈ ഭാഗം പൂർണമായും ഗതാഗതയോഗ്യമാകും.
 
മസാഫി ഹോട്ടലിനു മുന്നിലുള്ള റോഡ് ജൂലൈ രണ്ടിനകം ടാറിങ‌്പൂർത്തിയാക്കും. ഇവിടെ ഒരു ദിവസം രാത്രി വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ടിവരും. സർവീസ് റോഡിൽ ബിസ്മിയുടെ മുന്നിലുള്ള റോഡിലെ കുഴികളും വൈറ്റില അണ്ടർപ്പാസിൽ രൂപപ്പെട്ട വലിയ കുഴിയും രാത്രിതന്നെ  അടയ്ക്കും.
ഹൈവേയുടെ കിഴക്കുവശത്ത് ആലപ്പുഴ ഭാഗത്തേക്കുള്ള പ്രദേശത്ത് വൈറ്റില ക്ഷേത്രത്തിന് മുന്നിൽ ജൂലൈ രണ്ടിനകം കുഴികളടച്ച് ടാറിങ‌് പൂർത്തിയാക്കും. ഹൈവേയുടെ പടിഞ്ഞാറുവശത്ത് അനുഗ്രഹ ഹോട്ടലിനു മുന്നിലെ സർവീസ് റോഡും ഹൈവേയും ഒരേ ലെവലാക്കി ബാരിക്കേഡ് നീക്കുന്ന പ്രവൃത്തി ജൂലൈ 12നകം പൂർത്തിയാക്കും.

സിഗ്നൽ പോയിന്റിനു സമീപമുള്ള റോഡിൽ ടൈൽ വിരിക്കും. ഏകദേശം 2030 മീറ്ററിൽ ടൈൽ വിരിക്കുന്നത് ജൂലൈ ഒന്നിന് പൂർത്തീകരിക്കും.
അടുത്ത രണ്ടാഴ്ചത്തേക്ക് രണ്ടുദിവസം കൂടുമ്പോൾ സംയുക്ത അവലോകന യോഗം ചേരും. ആദ്യ അവലോകന യോഗം ചൊവ്വാഴ‌്ച രാത്രി ഏഴിന് ചേരും. സന്ദർശനത്തിനു ശേഷം  പൊലീസ് വാച്ച് ടവറിൽ ചേർന്ന യോഗത്തിൽ ട്രാഫിക് എസിപി അബ്ദുൾ സലാം, സിഐ പി എച്ച് ഇബ്രാഹിം, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ നിഷാ മോൾ, എഇ ഇ ജയരാജ്, സൈറ്റ് ഇൻ ചാർജ് ഉമ്മർ എന്നിവർ  പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top