17 August Friday

ബല്‍റാമിന്റെ മാര്‍ക്ക് തിരുത്തല്‍: പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിച്ച രേഖകളും പുറത്ത്; ഉത്തരം മുട്ടിയപ്പോള്‍ അസഭ്യവര്‍ഷവുമായി അനുയായികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കൊച്ചി > വി ടി ബല്‍റാം എംഎല്‍എയെ എല്‍എല്‍ബി പരീക്ഷയ്‌‌‌ക്ക് മാര്‍ക്ക് തിരുത്താന്‍ സഹായിച്ച പ്രിന്‍സിപ്പലിനെതിരെ ശിക്ഷാ നടപടിയെടുത്തതിന്റെ രേഖകള്‍ പുറത്ത്. ഇതോടെ ഉത്തരം മുട്ടിയ ബല്‍റാം കോണ്‍ഗ്രസ് അനുകൂലികള്‍ സോഷ്യല്‍മീഡിയയിലാകെ അസഭ്യവര്‍ഷം തുടരുകയാണ്.

തൃശൂര്‍ ലോ കോളേജില്‍ 2005-08 വര്‍ഷത്തില്‍ പഠിക്കുമ്പോഴാണ് ഇന്റേണല്‍ പരീക്ഷയ്‌‌‌‌‌ക്ക് സമാനമായ പരീക്ഷയ്‌‌‌‌‌ക്ക് പ്രിന്‍സിപ്പലിനെ സ്വാധീനിച്ച് മാര്‍ക്ക് തിരുത്തിയത്. അഞ്ചാം സെമസ്റ്ററില്‍ ഡ്രാഫ്‌‌‌റ്റിങ് ആന്‍ഡ് കണ്‍വെയന്‍സിങ് പരീക്ഷയിലാണ് മാര്‍ക്ക് തിരുത്തിയത്. പരീക്ഷ നടത്തിയ അധ്യാപിക ബല്‍റാമിന് നല്‍കിയത് 45 മാര്‍ക്കാണ്.

എന്നാല്‍, ജയിക്കാന്‍ വേണ്ടത് 50 മാര്‍ക്കായിരുന്നു. കെഎസ്‌യു നേതാവായ ബല്‍റാം പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍നായരെ സ്വാധീനിച്ച് 75 മാര്‍ക്കായി ഇത് ഉയര്‍ത്തി. പരീക്ഷ നടത്തിയ അധ്യാപികപോലും അറിയാതെയാണ് പ്രിന്‍സിപ്പല്‍ മാര്‍ക്ക് കൂട്ടി നല്‍കിയത്. ഇക്കാര്യം വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെ അറിയാതെ പറ്റിയതാണെന്നു പറഞ്ഞ് പ്രിന്‍സിപ്പല്‍ തടിയൂരി. എന്നാല്‍, സര്‍വകലാശാല ഇക്കാര്യം അന്വേഷിക്കാന്‍ തീരുമാനിക്കുകയും കമീഷനെ വയ്‌‌ക്കുകയും ചെയ്‌തു.



സിന്‍ഡിക്കറ്റ് അംഗം കെ പി വര്‍ക്കി, പരീക്ഷാ കണ്‍ട്രോളര്‍ വി രാജഗോപാലന്‍, സ്റ്റുഡന്റ് ഡീന്‍ പി വി വത്സരാജ് എന്നിവര്‍ അന്വേഷിച്ച് ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന് ബല്‍റാമിന്റെ മാര്‍ക്ക് 75ല്‍ നിന്ന് 45 ആക്കി കുറച്ചു. മാര്‍ക്ക് തിരിമറി നടത്താന്‍ സഹായിച്ച പ്രിന്‍സിപ്പലിനെ ശിക്ഷാനടപടിയായി എറണാകുളത്തേക്ക് സ്ഥലം മാറ്റുകയും പരീക്ഷാ ചുമതലകളില്‍നിന്ന് നീക്കുകയും ചെയ്‌തു.  

അന്വേഷണകാലയളവില്‍  പ്രിന്‍സിപ്പലിനെ തിരുവനന്തപുരം ലോ കോളേജിലേക്ക് മാറ്റിയിരുന്നു. അന്വേഷണകമീഷന്‍ പ്രിന്‍സിപ്പല്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നാണ് ശുപാര്‍ശ ചെയ്‌തത്. ഇതുപ്രകാരമാണ് തിരുവനന്തപരുത്തുനിന്നും പ്രിന്‍സിപ്പലിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന് ഒരിടത്തും പരീക്ഷാചുമതല നല്‍കരുതെന്നും സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‌തു.


 

സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്ത വിവാദമായിട്ടും ഇക്കാര്യം തെറ്റാണെന്ന് പറയാന്‍ ബല്‍റാം തയ്യാറാകുന്നില്ല. മറ്റു പരീക്ഷകളില്‍ തനിക്ക് ഉയര്‍ന്ന മാര്‍ക്കുണ്ടെന്ന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണിപ്പോള്‍.

ആദര്‍ശം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം മാര്‍ക്ക് തിരുത്തിയത് കൈയോടെ പിടികൂടിയത് പുറത്തായപ്പോള്‍ മിണ്ടാട്ടമില്ലാതായി. വാര്‍ത്ത ആദ്യം പുറത്തുകാണ്ടുവന്ന കൈരളി ചാനലിനെയും അസഭ്യം വിളിച്ച് രക്ഷപ്പെടുകയാണിപ്പോള്‍.

നവമാധ്യമങ്ങളില്‍ അനാവശ്യ വിവാദമുണ്ടാക്കുകയും അതിന്റെ മറവില്‍ കുപ്രശസ്‌തി നേടുകയും ചെയ്യുന്ന ബല്‍റാം, മാര്‍ക്ക് തട്ടിപ്പിലൂടെയും പ്രശസ്‌തനാണെന്ന് വന്നതോടെ അനുയായികളും പ്രതിരോധിക്കാന്‍ നില്‍ക്കാതെ സ്ഥലം വിടുകയാണ്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top