Top
26
Sunday, March 2017
About UsE-Paper
ലോകത്ത് മൂന്നാമത്തേത്

തലസ്ഥാനത്ത് ഹൈപ്പര്‍സോണിക് വിന്റ് ടണല്‍ സമുച്ചയം

Tuesday Mar 21, 2017
ദിലീപ് മലയാലപ്പുഴ

തിരുവനന്തപുരം > ബഹിരാകാശയാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കും രൂപകല്‍പ്പനയ്ക്കുമായി ലോകത്തെ മൂന്നാമത്തെ വലിയതും ശേഷി കൂടിയതുമായ പരീക്ഷണശാലാ സമുച്ചയം തലസ്ഥാനത്ത് തയ്യാറായി. വിഎസ്എസ്സിയില്‍ 250 കോടി രൂപ ചെലവിലാണ് അത്യന്താധുനിക ഹൈപ്പര്‍സോണിക് വിന്റ് ടണല്‍ സമുച്ചയം പൂര്‍ത്തീകരിച്ചത്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ സതീഷ്ധവാന്റെ പേരിലാകും ഇത് അറിയപ്പെടുക. ബഹിരാകാശ ശാസ്ത്രഗവേഷണത്തിനുള്ള അടിസ്ഥാനസൌകര്യ വികസനത്തിലെ ഐഎസ്ആര്‍ഒയുടെ നിര്‍ണായക മുന്നേറ്റമാണിത്. ലോകത്തെ ഏറ്റവും ആധുനികസംവിധാനങ്ങളാണ് സമുച്ചയത്തില്‍ ഒരുക്കിയത്. നാസ, റഷ്യന്‍ സ്പേയ്സ് ഏജന്‍സി എന്നിവയ്ക്കുമാത്രമാണ് ഇത്തരത്തിലുള്ള സംവിധാനം നിലവിലുള്ളത്. പുതുതലമുറ വിക്ഷേപണവാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവാകും ഈ സമുച്ചയം.

ശബ്ദത്തേക്കാള്‍ 12 ഇരട്ടിയിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശയാനങ്ങളുടെ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും കൃത്യത ഉറപ്പുവരുത്താന്‍ ഇതുവഴി കഴിയും. അന്തരീക്ഷത്തിലും പുറത്തും അതിവേഗത്തില്‍ പായുന്ന വിക്ഷേപണവാഹനങ്ങളുടെയടക്കം മാറ്റങ്ങള്‍ അതേസാഹചര്യങ്ങളില്‍ പരീക്ഷിച്ചറിയാനാകും. താപവ്യതിയാനം, ഘര്‍ഷണംമൂലമുള്ള അപ്രതീക്ഷിത മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം സസൂക്ഷ്മം നിരീക്ഷിക്കാനും അതുവഴി രൂപകല്‍പ്പനയില്‍ മാറ്റംവരുത്താനും പരീക്ഷണങ്ങള്‍ക്ക് കഴിയും. അതിതീവ്രമായ താപപരീക്ഷണത്തിനായുള്ള സംവിധാനങ്ങളാണുള്ളത്.  

ഗോളാന്തര പര്യവേക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളുടെ പരീക്ഷണങ്ങള്‍ നടത്താനുള്ള പ്രത്യേക സംവിധാനങ്ങളുമുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐഎസ്ആര്‍ഒയുടെ പദ്ധതികള്‍ക്കടക്കം ഇത് ആക്കംകൂട്ടും. പുനരുപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണവാഹനം വികസിപ്പിക്കുന്ന പദ്ധതിക്കും വേഗമേറും.

തുമ്പയില്‍ സ്ഥാപിച്ചിരിക്കുന്ന പരീക്ഷണശാലയില്‍ അഞ്ഞൂറിലധികം കൂറ്റന്‍ വാല്‍വുകള്‍, രണ്ടു കിലോമീറ്റര്‍ പൈപ്പുലൈന്‍, 41 ഇലക്ട്രോണിക് മോട്ടോറുകള്‍, 35 പമ്പുകള്‍, പത്തു കിലോമീറ്റര്‍ കേബിളുകള്‍, നാനൂറിലധികം ഉപകരണസംവിധാനങ്ങള്‍ തുടങ്ങിയവയുണ്ട്. ലോകോത്തര സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എ എസ് കിരണ്‍കുമാര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിഎസ്എസ്സി ഡയറക്ടര്‍ ഡോ. കെ ശിവന്‍ പങ്കെടുത്തു.