18 November Sunday

മോട്ടോർ വാഹന നികുതി ഏകീകരണം: കേരളം പ്രതിഷേധമറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


തിരുവനന്തപുരം
മോട്ടോർ വാഹന നികുതിനിരക്ക‌് ഏകീകരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാനം പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 18ന‌് ഗുവാഹത്തിയിൽ നടന്ന ദക്ഷിണേന്ത്യൻ ഗതാഗതമന്ത്രിമാരുടെ യോഗത്തിൽ രാജ്യത്താകെ മോട്ടോർവാഹന നികുതി ഏകീകരിക്കാനുള്ള നിർദേശം വന്നിരുന്നു. അന്ന‌് കേരളത്തെ പ്രതിനിധാനംചെയ‌്ത‌് യോഗത്തിൽ പങ്കെടുത്ത ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഇതിൽ വിയോജിപ്പ‌് അറിയിച്ചു.

എന്നാൽ, ഇത‌് മറച്ചുവച്ച‌് ഗതാഗതമന്ത്രിമാരുടെ യോഗത്തിലെ ഏകകണ‌്ഠമായുള്ള തീരുമാനം എന്ന നിലയിൽ നികുതി ഏകീകരണം നടപ്പാക്കണമെന്ന‌ു കാട്ടി കഴിഞ്ഞദിവസം ചീഫ‌് സെക്രട്ടറിക്ക‌് കേന്ദ്ര റോഡ‌് ഗതാഗതമന്ത്രാലയം കത്ത‌് നൽകുകയായിരുന്നു. കേരളത്തിന്റെ വിയോജിപ്പ‌് മറച്ചുവച്ച‌് ജനത്തെ തെറ്റിദ്ധരിപ്പിക്കുംവിധമാണ‌് കേന്ദ്രത്തിന്റെ നികുതി ഏകീകരണനിർദേശം. ഇതിനെതിരെ മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര റോഡ‌് ഗതാഗതമന്ത്രി നിതിൻ ഗഡ‌്കരിക്ക‌് കത്ത‌് നൽകി.

മോട്ടോർ വാഹന നികുതിനിരക്ക് രാജ്യത്തൊട്ടാകെ ഏകീകരിക്കാനുള്ള നീക്കം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന‌് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 11 മന്ത്രിമാർമാത്രം പങ്കെടുത്ത യോഗതീരുമാനം രാജ്യത്തെ ഗതാഗതമന്ത്രിമാരുടെ പൊതുവായ തീരുമാനം എന്ന രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന നികുതിഘടന ധനബില്ലിലൂടെ സംസ്ഥാന നിയമസഭ അംഗീകരിച്ച‌് നടപ്പാക്കുന്നതാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്താണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ആറ‌ുമുതൽ 20  ശതമാനംവരെ നികുതിനിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്ന‌് മന്ത്രി പറഞ്ഞു.

  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സാധരണ ജനങ്ങൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, അഞ്ച‌ു ലക്ഷം രൂപയ്ക്കു താഴെ വിലവരുന്ന കാറുകൾ എന്നിവയ്ക്ക് ആറ‌് ശതമാനമാണ് നികുതി. കേന്ദ്ര നിർദേശ പ്രകാരം ഈ നിരക്ക് ഏകീകരിച്ചാൽ എട്ട‌ുമുതൽ 10 ശതമാനംവരെ നികുതി ഉയരും. ആഡംബരകാറുകൾ ഉൾപ്പെടെ 20 ലക്ഷത്തിനു മുകളിൽ വിലവരുന്ന വാഹനങ്ങളുടെ നികുതി 20 ശതമാനത്തിൽനിന്ന് 12 ശതമാനമായി കുറയ്ക്കണമെന്നാണ‌് കേന്ദ്രനിർദേശം. 

സാധാരണ ജനങ്ങൾക്ക് കൂടുതൽ ഭാരം ഉണ്ടാക്കുന്ന കേന്ദ്രനിർദേശം സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന‌് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഈ സാഹചര്യത്തിൽ നികുതിനിരക്ക് ഏകീകരണത്തിന്റെ മറവിൽ സാധാരണക്കാരന്റെ വാഹനങ്ങൾക്ക് നികുതി ഉയർത്തുകയും ആഡംബര വാഹനങ്ങൾക്ക് നികുതി കുറയ്ക്കുകയും ചെയ്യുന്ന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഭരണഘടനയും കേന്ദ്ര മോട്ടോർ വാഹന നിയമവും മാറ്റം വരുത്തിയാൽമാത്രമേ ഇത്തരം നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രത്തിനും കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top