18 August Saturday

‘‘ലൈക്കിനര്‍ഥം പോസ്റ്റ് കണ്ടുവെന്നും ഫോളോ ചെയ്യുന്നുവെന്നും മാത്രം’’ ‐ ബാലലൈംഗിക പീഡനത്തെ സാമാന്യവൽക്കരിക്കുന്ന പോസ്റ്റിലെ ലൈക്കിന്‌ ന്യായീകരണുമായി ബൽറാം

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

കൊച്ചി > ബാല ലൈംഗീക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്‌ ലൈക്ക്‌ നൽകിയതിന്‌ ന്യായീകരണവുമായി വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന  പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.

ഫേസ്‌ബുക്ക്‌ പോസ്റ്റുകൾക്ക്‌ നൽകുന്ന ലൈക്കിന്‌ ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ താൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ല എന്നാണ്‌ ബൽറാമിന്റെ വാദം. ആ പോസ്റ്റ്‌ കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂവെന്നും ബൽറാം തന്റെ പ്രതികരണത്തിൽ പറയുന്നു. എന്നാൽ പീഡോഫീലിയയെ ന്യായീകരിക്കുന്നവരെ തള്ളിപ്പറയാൻ ബൽറാം ഇനിയും തയ്യാറായിട്ടില്ല. ഈ ന്യായീകരണത്തോടെ കൂടുതൽ ശക്തമായ പരിഹാസമാണ്‌ എംഎൽഎക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്‌.

ഒരു ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ ലൈക്ക്‌ നൽകിയതു കൊണ്ട്‌ പോസ്റ്റിലെ ചർച്ച ഫോളോ ചെയ്യാൻ കഴിയില്ല. പോസ്റ്റിലെ കമന്റുകൾക്ക്‌ നോട്ടിഫിക്കേഷൻ ലഭിക്കണമെങ്കിൽ പോസ്റ്റിൽ കമന്റിടുകയോ നോട്ടിഫിക്കേഷൻ ഓൺ ആക്കുകയോ വേണമെന്ന്‌ ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ്‌. ലൈക്ക്‌ നൽകിയതിന്‌ പോസ്റ്റ്‌ ഫോളോ ചെയ്യുന്നു എന്നാണ്‌ അർഥമെന്ന ബൽറാമിന്റെ വാദത്തിലെ അപഹാസ്യത ചൂണ്ടിക്കാട്ടി നിരവധിപേരാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയത്‌.

എന്നാൽ ഇത്‌ കേവലം ലൈക്കിന്റെ സാങ്കേതികത്വത്തിൽ ഒതുങ്ങുന്ന പ്രശ്‌നമല്ല. താൻ പോസ്റ്റ്‌ കണ്ടു, ആ പോസ്റ്റിലെ ചർച്ച ഫോളോ ചെയ്യുന്നു എന്ന്‌ പോസ്റ്റ്‌ ഇട്ടയാളെ അറിയിക്കാനാണ്‌ ബൽറാം പോസ്റ്റിന്‌ ലൈക്ക്‌ നൽകിയതെങ്കിൽ, ഈ പോസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയത്തിനോടോ പോസ്റ്റ്‌ ഇട്ട വ്യക്തിയോടോ ബൽറാമിനുള്ള പ്രത്യേക താൽപര്യം എന്തെന്ന ചോദ്യവും ഉയരുന്നു. പലവിധത്തിൽ പീഡോഫീലിയയെ ന്യായീകരിച്ചുള്ള ചർച്ചകളുടെ തുടർച്ചയാണ്‌ ഈ പോസ്റ്റ്‌ എന്ന്‌ വ്യക്തം. ഈ പോസ്റ്റിലെ കമന്റുകളിൽ പോസ്റ്റ്‌ ഇട്ട വ്യക്തി തന്നെ സ്വവർഗാനുരാഗം പോലെ വ്യത്യസ്തമായ ലൈംഗികാഭിരുചികളിലൊന്നായി പീഡോഫീലിയയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. അപകടകരമായ ഇത്തരം പ്രചരണങ്ങൾ ഇതാദ്യമായല്ല ഇയാളിൽ നിന്നുണ്ടാവുന്നത്‌. ഇയാളും സംഘവും കുറച്ചുകാലമായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിവരുന്ന സമാന സ്വഭാവമുള്ള പ്രചരണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്‌. ഇതൊന്നും അറിയാതെയല്ല ഇത്തരം പ്രചരണങ്ങളുടെ തുടർച്ചയായ പുതിയ പോസ്റ്റിൽ ബൽറാം ലൈക്ക്‌ ചെയ്‌തതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ വിവാദ പോസ്റ്റിന്റെ ഉടമയും യൂത്ത്‌ കോൺഗ്രസ്‌ നേതാവും ബൽറാമിന്റെ സുഹൃത്തുമായ അനൂപ്‌ വി ആറും ഉൾപ്പെടെ ബൽറാമിന്റെ അനുയായികളും അടുപ്പക്കാരുമായ നിരവധി പേർ പീഡോഫീലിയയെ ന്യായീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകുന്നതായി വിമർശനമുയർന്നിട്ടും ഇവരെയൊന്നും തള്ളിപ്പറയാൻ ഇതുവരെ വി ടി ബൽറാം തയ്യാറായിട്ടില്ല. ഏറ്റവുമൊടുവിൽ വി ടി ബൽറാം നൽകിയ വിശദീകരണത്തിലും പീഡോഫീലിയയെ തുറന്നെതിർക്കാനോ പീഡോഫീലിയയെ ന്യായീകരിക്കുന്ന അനുയായികളെ തള്ളിപ്പറയാനോ ബൽറാം മുതിരുന്നില്ല. ഈ വിശദീകരണം തൃത്താല എംഎൽഎയെ കൂടുതൽ കുഴപ്പത്തിലേക്കാണ്‌ ചാടിച്ചിരിക്കുന്നത്‌.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top