16 August Thursday

രാജ്യസഭാ സീറ്റ‌് : കോൺഗ്രസ്‌ കൂടുതൽ ദുർബലമായി: സുധീരൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 
രാജ്യസഭാ സീറ്റ‌്മാണിക്കു  നൽകിയ സംഭവം പാർടിയെ കൂടുതൽ ദുർബലപ്പെടുത്തിയെന്ന‌് കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പോലും താഴെത്തട്ടിൽ പ്രവർത്തിക്കാൻ ആളുണ്ടായിരുന്നില്ല. പുറത്തുനിന്നു വന്നവരാണ‌് തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചത‌്. തോൽവി കോൺഗ്രസിനുള്ള പാഠമാണ‌്.

പതിറ്റാണ്ടുകളായി ഞാൻ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുന്നു. പക്ഷേ,  ഇതുവരെയുണ്ടായിട്ടില്ലാത്ത അനുഭവമാണ‌് കഴിഞ്ഞദിവസത്തെ കെപിസിസി യോഗത്തിലുണ്ടായത‌്. ഞാൻ സംസാരിക്കുമ്പോൾ രണ്ട‌്  യുവ എ ഗ്രൂപ്പുകാർ ഭീഷണിയുമായി എഴുന്നേറ്റു. ഉമ്മൻചാണ്ടിക്കെതിരെ സംസാരിക്കരുതെന്ന‌് ആക്രോശിച്ചു. പറയാനുള്ളത‌് പറഞ്ഞിട്ടേ നിർത്തൂവെന്ന‌് ഞാൻ പറഞ്ഞു. ഗ്രൂപ്പ‌് നേതാക്കളെ തൃപ‌്തിപ്പെടുത്താനാണിത‌് ചെയ‌്തത‌്. ഇത്തരം പ്രവർത്തനങ്ങൾകൊണ്ട‌് കോൺഗ്രസ‌് രക്ഷപ്പെടില്ല. തെറ്റ‌് തിരുത്തുന്നതിനു പകരം തെറ്റുചെയ്യുന്നവരെ സംരക്ഷിക്കാനാണ‌് ശ്രമിക്കുന്നത‌്.  തെറ്റുകൾ മൂടിവയ‌്ക്കാനും തെറ്റുചെയ്യുന്നവരെ സംരക്ഷിക്കാനുംവേണ്ടി പരസ്യപ്രസ‌്താവന പാടില്ലെന്ന‌് പറഞ്ഞാൽ അത‌് അനുസരിക്കില്ല.കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ ഉമ്മൻചാണ്ടിയുടേത‌് ക്രൂരമായ നിസ്സഹകരണമായിരുന്നു. എന്നെ പ്രസിഡന്റായി എഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഉമ്മൻചാണ്ടിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നൽകിയില്ല. പിന്നീട‌് കണ്ടപ്പോൾ നീരസം പ്രകടിപ്പിച്ചു. ചുമതലയേൽക്കുന്ന ചടങ്ങ‌്  ബഹിഷ‌്കരിക്കുകയും ചെയ‌്തു.

എന്റെ നേതൃത്വത്തിൽ നടന്ന രണ്ടു ജാഥയും പരാജയപ്പെടത്താൻ ശ്രമിച്ചു. ഈ രണ്ടു ജാഥയുടെയും ഉദ‌്ഘാടകൻ ഉമ്മൻചാണ്ടിയായിരുന്നു. ജനപക്ഷയാത്രയിൽ എന്റെ പേരു പറയാൻ പോലും ഉമ്മൻചാണ്ടി പിശുക്കു കാട്ടി. ജനരക്ഷായാത്ര കോട്ടയത്ത‌് എത്തിയപ്പോഴാണ‌് സോളാർ വിവാദം സംസ്ഥാനത്തെ പിടിച്ചുകുലുക്കിയത‌്. പക്ഷേ, പിന്നീട‌് നടന്ന എല്ലാ യോഗത്തിലും ഞാൻ ഉമ്മൻചാണ്ടിയെ ശക്തമായി ന്യായീകരിച്ചു. അതിനുശേഷമാണ‌് അദ്ദേഹം എന്റെ പേരുപോലും പറയാൻ തയ്യാറായത‌്.

പ്രസിഡന്റായിരിക്കെ എനിക്ക‌് ഒരു പിന്തുണയും ഉമ്മൻചാണ്ടി നൽകിയില്ല.  ഗ്രൂപ്പു മാനേജർമാരെ ഉപയോഗിച്ച‌് രണ്ട‌്ഗ്രൂപ്പുകളും എന്നെ തകർക്കാൻ ശ്രമിച്ചു.  ത്രിതല പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയാവകാശം വാർഡു കമ്മിറ്റികൾക്കാണ‌് നൽകിയത‌്.  ഗ്രൂപ്പ‌് മാനേജർമാർ ഇത‌് അട്ടിമറിച്ചു.

ബൂത്ത‌് തലം തൊട്ട‌് പാർടി പുനഃസംഘടന നടത്താനുള്ള നടപടികളും ഗ്രൂപ്പുകൾ അട്ടിമറിച്ചു. തൃശൂർ ജില്ലയിൽ ബൂത്ത‌്പുനഃസംഘടന ഭംഗിയായി നടന്നു. ഇത‌് ഗ്രൂപ്പിനതീതമായിരുന്നു. ഇങ്ങനെ പോയാൽ ഗ്രൂപ്പ‌് ഇല്ലാതാകുമെന്ന‌് വന്നപ്പോഴാണ‌് മറ്റ‌് ജില്ലകളിൽ ആകെ അട്ടിമറിച്ചത‌്‐ സുധീരൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവർത്തനം ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന തരത്തിലല്ലെന്നും സുധീരൻ പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top