16 October Tuesday
ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം

നേതൃത്വത്തിന്‌ സാമാന്യബുദ്ധിയില്ല; കെ എം മാണി ബിജെപിക്ക്‌ ഒപ്പം ചേരില്ല എന്ന്‌ ഉറപ്പുണ്ടോ: സുധീരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കൊച്ചി> സാമാന്യബുദ്ധിയില്ലാത്ത കോൺഗ്രസ്‌  നേതൃത്വമാണ്‌ രാജ്യസഭാ സീറ്റ്‌ കേരള കോൺഗ്രസ്‌ എമ്മിന്‌ നൽകിയതെന്നും ഇതൊരു ഹിമാലയൻ മണ്ടത്തരമാണെന്നും വീണ്ടും വി എം സുധീരൻ. ഇതിനെതിരെ പ്രതികരിക്കുമ്പോൾ പരസ്യ പ്രസ്‌താവന നടത്തരുതെന്ന വിലക്കുകാട്ടി വിരട്ടരുതെന്നും സുധീരൻ. കെപിസിസി പ്രസിഡന്റായി തന്നെ കെട്ടിയിറക്കിയതല്ലെന്നും പ്രർത്തിച്ചുതന്നെയാണ്‌ വന്നതെന്നും ഉമ്മൻചാണ്ടിയെ വിമർശിച്ച്‌ സുധീരൻ പറഞ്ഞു. താൻ കെപിസിസി പ്രസിഡന്റായത്‌ ഉമ്മൻചാണ്ടിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. കെപിസിസി അധ്യക്ഷസ്‌ഥാനം രാജിവെക്കാൻ കാരണം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുവഴക്കാണെന്നും സുധീരൻ പറഞ്ഞു.

രാജ്യസഭാ സീറ്റ്‌ കിട്ടിയ കേരള കോൺഗ്രസ്‌ എമ്മും കെ എം മാണിയും ബിജെപിക്ക്‌ ഒപ്പം ചേരില്ല എന്ന്‌ ഉറപ്പുണ്ടോ. അവര്‍ സമദൂരം ആണല്ലോ പറയുന്നത് .യുപിഎക്കൊപ്പം  നിൽക്കണമെന്ന ഒരു ഉറപ്പുപോലും വാങ്ങാതെയാണ്‌ സീറ്റ്‌ നൽകിയത്‌. കോൺഗ്രസിൽനിന്ന്‌ ആരും രാജ്യസഭയിൽ പോകേണ്ട എന്ന ചിലരുടെ സങ്കുചിത താൽപര്യമാണ്‌ സീറ്റ്‌ നഷ്‌ടപ്പെടാൻ ഇടയാക്കിയത്‌. ലോകസഭയിൽ യുപിഎക്ക്‌ ഒരു സീറ്റാണ്‌ ഇതോടെ കുറയുന്നത്‌. ഇത്‌ ബിജെപിക്കാണ്‌ നേട്ടമുണ്ടാക്കുന്നത്‌

താൻ പ്രസിഡന്റായിരിക്കുമ്പോഴാണ്‌ ആർഎസ്‌പി സീറ്റ്‌ നൽകുന്നത്‌. അത്‌ കമ്മിറ്റിയിൽ ചർച്ച നടത്തിയശേഷമായിരുന്നു.  കൂടാതെ യുപിഎക്കൊപ്പം നിൽക്കുമെന്ന ഉറപ്പും വാങ്ങിയിരുന്നു. അതിനാൽതന്നെ ഒരു പ്രതിഷേധവും അതുമായി ബന്ധപ്പെട്ട്‌ ഉണ്ടായില്ല. ഇവിടെ  അതാണോ  സ്‌ഥിതി.

കെപിസിസി പ്രസിഡന്റ്‌ സ്‌ഥാനത്തിരിക്കാൻ തികച്ചും യോഗ്യനെന്നു തോന്നിയതിനാലാണ്‌ ചുമതല ഏറ്റെടുത്തത്‌.അന്നും ഉമ്മൻചാണ്ടി  അതിനെതിരെ നിന്നു.  താൻ പ്രസിഡന്റായത്‌ ഉമ്മൻചാണ്ടിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. താൻ നയിച്ച രാഷ്‌ട്രീയയ്രാത്രകൾ പരാജയപ്പെടുത്താൻ ഉമ്മൻചാണ്ടി ശ്രമിച്ചു. ഉദ്‌ഘാടന പ്രസംഗത്തിൽ തന്റെ പേര്‌ പറയാൻപോലും ഉമ്മൻചാണ്ടി തയ്യാറായില്ല.  ക്രൂരതയോടെയുള്ള നിസംഗതയാണ്‌ ഉമ്മൻചാണ്ടി കാണിച്ചത്‌. പ്രതിഷേധങ്ങൾ ഉയരുമ്പോൾ പരസ്യപ്രസ്‌താവനക്ക്‌ വിലക്ക്‌ എന്ന ഒറ്റമൂലികൊണ്ട്‌ രക്ഷയില്ല. ഉമ്മൻചാണ്ടിയും ഹസനുമെല്ലാം വിലക്ക്‌ ലംഘിച്ചിട്ടുള്ളവരാണ്‌. തെറ്റ്‌ കണ്ടാൽ താൻ ഇനിയും വിമർശിക്കും.

ഉമ്മൻചാണ്ടിക്കുള്ള ആ സ്‌പർദ്ധയാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചത്‌.അർഹതപ്പെട്ടവരെ ചൂണ്ടികാണിച്ചിട്ടും  ചിലർക്ക്‌ വേണ്ടി ഉമ്മൻചാണ്ടി വാശിപിടിച്ചു. അത്‌ തെരഞ്ഞെടുപ്പിലും ബാധിച്ചു. താനല്ല. കോൺഗ്രസിലെ ഗ്രൂപ്പ്‌ മാനേജർമാരാണ്‌ തെരഞ്ഞെടുപ്പ്‌  തോൽവിക്ക്‌ കാരണമെന്നും സുധീരൻ പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top