16 August Thursday

കുറ്റപത്രം : ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അരങ്ങേറിയ അഴിമതിയും ക്രമക്കേടുകളും അക്കമിട്ടുനിരത്തി വി എം സുധീരൻ

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018

വര: സനൽ


തിരുവനന്തപുരം
കെപിസിസി നേതൃത്വത്തിനും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മുൻ യുഡിഎഫ‌് സർക്കാരിനുമെതിരെ കുറ്റപത്രവുമായി കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ വീണ്ടും. പരസ്യവിമർശം പാടില്ലെന്ന കെപിസിസി പ്രസിഡന്റ‌്  എം എം ഹസ്സന്റെ താക്കീത‌് വെല്ലുവിളിച്ചാണ‌് സുധീരൻ വാർത്താസമ്മേളനം നടത്തി രൂക്ഷ വിമർശനങ്ങളുയർത്തിയത‌്. കോൺഗ്രസിനെ ഗ്രൂപ്പ‌് മാനേജർമാർ തകർക്കുകയാണെന്ന‌് പറഞ്ഞ സുധീരൻ രണ്ടു മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിൽ  ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ അരങ്ങേറിയ അഴിമതിയും ക്രമക്കേടുകളും അക്കമിട്ടു നിരത്തി.

വിഴിഞ്ഞം: ഉമ്മൻചാണ്ടിയുടേത്‌ അദാനിയുടെ താൽപ്പര്യം
വിഴിഞ്ഞം അന്താരാഷ‌്ട്ര തുറമുഖ കരാറിൽ അദാനി ഗ്രൂപ്പിന്റെ താൽപ്പര്യം മാത്രമാണ‌് സംരക്ഷിച്ചത‌്. സംസ്ഥാന താൽപ്പര്യം ബലികഴിച്ചു. ഉമ്മൻചാണ്ടി ഏകപക്ഷീയമായാണ‌് തീരുമാനമെടുത്തത‌്. എല്ലാ വശങ്ങളും പരിഗണിച്ച‌് ഹൈക്കമാൻഡുമായി ചർച്ച ചെയ‌്തശേഷമേ കരാറിൽ ഒപ്പിടാവൂ എന്ന‌് അന്നത്തെ കോൺഗ്രസ‌് പ്രസിഡന്റ‌് സോണിയ ഗാന്ധിയും വൈസ‌്പ്രസിഡന്റ‌് രാഹുൽ ഗാന്ധിയും തമ്മിൽ താനും ഉമ്മൻചാണ്ടിയും രമേശ‌്  ചെന്നിത്തലയും ചേർന്ന‌്  നടത്തിയ ചർച്ചയിൽ നിർദേശിച്ചിരുന്നു. എന്നാൽ, ഡൽഹിയിൽനിന്ന‌് തിരിച്ചുവന്ന‌് രണ്ടാം ദിവസം ആരോടും ആലോചിക്കാതെ കരാറിൽ ഒപ്പിട്ടു. ടി വി വാർത്തയിലൂടെയാണ‌്  കാര്യം അറിയുന്നത‌്. അരുവിക്കര ഉപതെരഞ്ഞെടുപ്പായതിനാൽ അന്ന‌് പ്രതികരിച്ചില്ല.  ഹൈക്കമാൻഡും  കടുത്ത അതൃപ‌്തി രേഖപ്പെടുത്തി.

യുഡിഎഫ‌് സർക്കാരിന്റെ  പല തീരുമാനങ്ങളും ഏകപക്ഷീയമായിരുന്നു. കരുണ എസ‌്റ്റേറ്റിന്റെ കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന‌് ഉമ്മൻചാണ്ടിയോട‌് ആവശ്യപ്പെട്ടു. എന്നാൽ, ഉദ്യോഗസ്ഥരെ എങ്ങനെ കൈവിടുമെന്നാണ‌് അദ്ദേഹം  ചോദിച്ചത‌്. ജനങ്ങളെ കൈവിട്ട‌് തീരുമാനം എടുക്കരുതെന്ന‌് ഞാൻ മറുപടി പറഞ്ഞു. കരുണയ‌്ക്ക‌് അനുകൂലമായ ഈ നിലപാട‌് ലക്ഷക്കണക്കിന‌് ഏക്കർ കൈവശമുള്ള ടാറ്റ, ഹാരിസൺ പോലുള്ള വമ്പന്മാർക്ക‌് ഗുണം ചെയ്യുമെന്ന‌് മുന്നറിയിപ്പു നൽകി. പിന്നാലെ നടന്ന കെപിസിസി യോഗത്തിൽ എംഎൽഎമാർ അടക്കമുള്ളവർ ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ചു. ഈ കൊള്ളയ‌്ക്ക‌് കൂട്ടുനിൽക്കാനാവില്ലെന്ന‌് ഞാൻ പറഞ്ഞു. തുടർന്ന‌് അദ്ദേഹം യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി.

സീറ്റ‌്ദാനം ഹിമാലയൻ മണ്ടത്തരം
ബിജെപിയെ കേന്ദ്രഭരണത്തിൽനിന്നു പുറന്തള്ളാൻ രാഹുൽ ഗാന്ധി കഠിന പരിശ്രമം നടത്തുമ്പോൾ അതിനെതിരായ നിലപാടുകളാണ‌് കേരളത്തിലെ നേതാക്കൾ എടുക്കുന്നത‌്. മാണിക്ക‌് അധാർമികമായി സീറ്റു നൽകുക വഴി ലോക‌്സഭയിൽ ഒരു സീറ്റു കുറഞ്ഞു. ഉള്ള അംഗബലം കുറച്ച സീറ്റ‌്ദാനം ഹിമാലയൻ മണ്ടത്തരമാണ‌്. യുപിഎയുടെ നഷ്ടം ബിജെപിക്കു നേട്ടമായി.

ഇപ്പോഴും സമദൂരത്തെക്കുറിച്ച‌് പറയുന്ന മാണിയെ വിശ്വസിക്കാനാവില്ല. ഭാവിയിൽ മാണി ബിജെപിക്കൊപ്പം പോകില്ലെന്ന കാര്യത്തിൽ ആർക്കെങ്കിലും ഉറപ്പുണ്ടോ. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ‌്പിക്കു സീറ്റു നൽകിയപ്പോൾ മൂന്ന‌് ഉറപ്പാണ‌് വാങ്ങിയത‌്. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുക, യുപിഎക്ക‌് പിന്തുണ നൽകുക, യുഡിഎഫിലുള്ള ആർഎസ‌്പിയുമായി യോജിച്ച‌് പ്രവർത്തിക്കുക എന്നിവ. എന്നാൽ, മാണിയുടെ കാര്യത്തിൽ ഇതുണ്ടായില്ല.

കോൺഗ്രസിൽനിന്ന‌് ആർക്കും സീറ്റ‌് കിട്ടരുതെന്ന രഹസ്യ അജണ്ട ഗൂഢമായി നടപ്പാക്കുകയായിരുന്നു. സീറ്റ‌് നൽകിയതിനെതിരെ രാഷ‌്ട്രീയകാര്യ സമിതിയിലും കെപിസിസി എക‌്സിക്യൂട്ടീവിലും രൂക്ഷവിമർശമാണ‌് ഉയർന്നത‌്.  തെറ്റുപറ്റിയാൽ തുറന്നു സമ്മതിക്കണം. അതിനു പരിഹാരമായി പരസ്യപ്രസ‌്താവന പാടില്ലെന്ന ഒറ്റമൂലിയാണ‌് ഹസ്സൻ നിർദേശിച്ചത‌്. ഞാൻ  പ്രസിഡന്റായിരുന്നപ്പോൾ കോൺഗ്രസിനെതിരെ കെപിസിസി ആസ്ഥാനത്ത‌് വാർത്താസമ്മേളനം നടത്തിയ ആളാണ‌് ഹസ്സൻ.  പരസ്യപ്രസ‌്താവന വിലക്കിയാൽ കോൺഗ്രസിൽ ആരും അവശേഷിക്കില്ല.

ബാറുകൾ പൂട്ടിയത‌്  അസൂയ മൂത്ത‌്
നടപടിക്രമങ്ങൾ പാലിക്കാത്ത 418 ബാർ പൂട്ടണമെന്നായിരുന്നു താൻ ആവശ്യപ്പെട്ടത‌്. ഇത‌് സമൂഹം സ്വീകരിച്ചപ്പോൾ എന്നോടുള്ള കടുത്ത അസൂയമൂലം മുഴുവൻ ബാറുകളും പൂട്ടി.  എങ്കിലും പൂട്ടിയ തീരുമാനത്തെ സ്വാഗതംചെയ‌്തു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കുള്ള ഒരു കാരണം മദ്യനയമാണെന്ന‌് എ ഗ്രൂപ്പുകാർ ആരോപിച്ചു.  തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് രാജിവയ‌്ക്കാൻ തീരുമാനിച്ചാണ‌് അന്ന‌് കെപിസിസി യോഗത്തിനു പോയത‌്. എന്നാൽ, അതിനിടയിൽ എം എം ഹസ്സൻ എന്റെ രാജി ആവശ്യപ്പെട്ടു. ഇതോടെ രാജിവയ‌്ക്കേണ്ടെന്ന‌് തീരുമാനിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top