14 November Wednesday

വി എം രാധാകൃഷ്ണന് എസ്എൻ സാഹിത്യ പരിഷത്ത് മാധ്യമ പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


തൃശൂർ
ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ പത്രപ്രവർത്തനത്തിനുള്ള സമഗ്ര സംഭാവനാ പുരസ്കാരത്തിന് ദേശാഭിമാനി തൃശൂർ ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ വി എം രാധാകൃഷ്്ണൻ അർഹനായി.10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കേരള കൗസ്തുഭം പത്രാധിപർ വിദ്വാൻ തോളൂർ രാമന്റെ സ്മരണാർഥമുള്ള  പുരസ്കാരം തൃശൂർ മുണ്ടശേരി ഹാളിൽ ജൂലൈ ഏഴിന് പകൽ 11.30ന‌് നടക്കുന്ന എസ് എൻ പരിഷത്ത് സംസ്ഥാന സമ്മേളനത്തിൽ  മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനിൽകുമാറും ചേർന്ന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശൂർ പാണഞ്ചേരി സ്വദേശിയായ വി എം രാധാകൃഷ്ണൻ മൂന്ന് പതിറ്റാണ്ടായി മാധ്യമരംഗത്ത‌് പ്രവർത്തിക്കുന്നു.  18 വർഷമായി ദേശാഭിമാനിയിൽ സേവനമ നുഷ്ഠിക്കുന്ന രാധാകൃഷ്ണൻ തൃശൂർ ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറാണ്.   മാധ്യമപ്രവർത്തനത്തിൽ ഡസനിലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.  സ്വാതന്ത്ര്യസമര സേനാനിയും  കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവുമായിരുന്ന  പരേതരായ വി ജി മാധവന്റെയും  പാണഞ്ചേരി പഞ്ചായത്ത് മുൻ അംഗം സുഭദ്ര മാധവന്റെയും മകനാണ്.  ഭാര്യ: രതിമോൾ(ആരോഗ്യ വകുപ്പ്). മക്കൾ: സർഗ (എൻജിനിയറിങ് വിദ്യാർഥിനി), ശങ്കർ (ബികോം വിദ്യാർഥി).

വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഡി രാജേന്ദ്രൻ, പ്രൊഫ. പുന്നയ്ക്കൽ നാരായണൻ, അജിത വിജയൻ, ജുനൈദ് കൈപ്പാണി, കെ തങ്കപ്പൻ, ഡോ. തേവന്നൂർ മണിരാജ് എന്നിവരേയും ശ്രീനാരായണ സാഹിത്യ പരിഷത്ത്  സമ്മേളനത്തിൽ അവാർഡ് നൽകി ആദരിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. തോളൂർ ശശിധരൻ, ഉണ്ണികൃഷ്ണൻ പുലരി, വസന്തൻ കിഴക്കൂടൻ, ചെങ്ങാലൂർ പെരുമാരാത്ത്, കെ എം സിദ്ധാർഥൻ എന്നിവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top