25 September Tuesday
ഉന്നതതല ആലോചനായോഗം 17നും 18നും

ബിരുദ, ബിരുദാനന്തര പരീക്ഷ: ഏകീകൃത സമയക്രമം വരുന്നു

എം വി പ്രദീപ‌്Updated: Saturday Sep 1, 2018


സംസ്ഥാനത്തെ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര പരീക്ഷാനടത്തിപ്പ‌് സമഗ്രമായി പരിഷ‌്കരിക്കാനും മൂല്യനിർണയവും ഫലപ്രഖ്യാപനവും സമയബന്ധിതവും ഏകീകൃതവുമാക്കാനുള്ള നടപടിക്ക‌് സർക്കാർ ശ്രമം തുടങ്ങി. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ വിശദ കർമപദ്ധതി തയ്യാറാക്കി. 

ചില സർവകലാശാലകളിലെ ബിരുദ കോ‌ഴ‌്സുകളുടെ  പരീക്ഷാനടത്തിപ്പ‌് അവതാളത്തിലായതും ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുന്നതും  ഭാവിപഠനത്തിന‌് ഒരു അക്കാദമിക‌് വർഷംതന്നെ നഷ്ടമാകുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ‌് ശാശ്വത  പ്രശ‌്നപരിഹാരശ്രമം ആരംഭിച്ചത‌്. ഇനിമുതൽ അവസാന സെമസ്റ്റർ ബിരുദപരീക്ഷകൾ മാർച്ചിൽത്തന്നെ പൂർത്തിയാക്കും. മുഴുവൻ സർവകലാശാലകളിലും ഏപ്രിൽ 30ന‌കം ബിരുദഫലം പ്രസിദ്ധീകരിക്കണം. ബിരുദാനന്തര ബിരുദ പരീക്ഷകൾ ഏപ്രിൽ പകുതിക്കകം പൂർത്തിയാക്കി മേയിൽ ഫലം പ്രഖ്യാപിക്കണം. പദ്ധതി തയ്യാറാക്കി ലക്ഷ്യത്തിലെത്തിക്കുന്നത‌് ചർച്ചചെയ്യാൻ മന്ത്രി കെ ടി ജലീൽ പങ്കെടുക്കുന്ന, സർവകലാശാലകളിലെ സിൻഡിക്കറ്റ‌് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 17, 18 തീയതികളിൽ തലസ്ഥാനത്ത‌് ചേരും. ഓരോ സർവകലാശാലയിലെയും സിൻഡിക്കറ്റ‌് അംഗങ്ങളുടെയും ബന്ധപ്പെട്ടവരുടെയും യോഗം വെവ്വേറെയാണ‌് ചേരുക.

ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവൻ യോഗ്യതാ സർട്ടിഫിക്കറ്റുകളും വിദ്യാർഥികൾക്ക‌് ഓൺലൈനിൽ ലഭ്യമാക്കും. വിദ്യാർഥികൾക്ക‌് ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ മാർക്ക‌് ലിസ്റ്റുകൾ ഫലം പ്രഖ്യാപിക്കുന്ന ദിവസംതന്നെ  അതത‌് സർവകലാശാലകളുടെ വെബ‌്സൈറ്റിൽനിന്ന‌് ഡൗൺലോഡ‌് ചെയ‌്ത‌് എടുക്കാൻ സാധിക്കുന്ന പദ്ധതിയെക്കുറിച്ചും ആലോചനയുണ്ട‌്. ബിരുദ സർട്ടിഫിക്കറ്റുകൾക്ക‌് അപേക്ഷിച്ചാൽ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ ഒഴിവാകും. അപേക്ഷാ ഫീസ‌് ഓൺലൈനായി ഒടുക്കിയാൽ അപ്പോൾത്തന്നെ ബിരുദ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ‌് ചെയ്യാനാകുംവിധമാകും  പരിഷ‌്കാരം. സംസ്ഥാനത്തെ ചില സർവകലാശാലകൾ പരീക്ഷാ നടത്തിപ്പ‌് കാലോചിതമായി പരിഷ‌്കരിക്കുന്നതിനുള്ള നടപടിക്ക‌് തുടക്കമിട്ടിട്ടുണ്ട‌്. ഇത‌് എല്ലാ സർവകലാശാലകളും ഒരേ സമയത്തുതന്നെ ഒന്നിച്ച‌് നടപ്പാക്കാനാണ‌് സർക്കാർ ആലോചിക്കുന്നത‌്.  ക്യാമ്പസുകളെ സ്റ്റുഡന്റ‌്സ‌് ഫ്രണ്ട‌്‌ലി ആക്കും. സർവകലാശാലയുമായി ബന്ധപ്പെട്ട ഏതാവശ്യങ്ങളും ഓൺലൈനായി ലഭിക്കുന്ന പ്രവർത്തനങ്ങളാണ‌് ആലോചിക്കുന്നത‌് . ഇതടക്കമുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ സർവകലാശാലാ പ്രതിനിധികളുമായുള്ള കൂടിക്കാഴ‌്ചയിൽ മന്ത്രി അവതരിപ്പിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top