തിരുവനന്തപുരം > കേരളത്തിലെ മല്സ്യമേഖലയിലും, കശുവണ്ടി മേഖലയിലും പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യംവെച്ചുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് യുഎന്‍ വനിതാ വിഭാഗത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചു. മല്‍സ്യത്തൊഴിലാളി സമൂഹത്തില്‍ പ്രധാന പങ്കാണ് സ്ത്രീ തൊഴിലാളികള്‍ വഹിക്കുന്നത്.
നമ്മുടെ സംസ്ഥാനത്തെ മല്‍സ്യമേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യം വച്ചു കൊണ്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ വിശദമായ പഠന റിപ്പോര്‍ട്ട് ഐക്യ രാഷ്ട്രസഭ പ്രതിനിധികള്‍ക്ക് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമര്‍പ്പിച്ചു.
മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കുക,മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ലാന്റിംങ്ങ് സെന്ററുകള്‍ എന്നിവടങ്ങളില്‍ റെസ്റ്റ് റൂമുകള്‍ നിര്‍മ്മിക്കുക, യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ആരോഗ്യ പരിപാലനം, തൊഴിലിനാവശ്യമായ മൂലധനം കണ്ടെത്തല്‍, തുടങ്ങി സ്ത്രീ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ 103 കോടി രൂപയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
കശുവണ്ടി മേഖലയില്‍ ജോലിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ ശാക്തീകരണവും പ്രൊജക്ടില്‍ പ്രതിപാദിക്കുന്നുണ്ട്.സര്‍ക്കാര്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിനോട് അനുഭാവപൂര്‍വ്വമാണ് ഐക്യരാഷ്ട്രസഭ അധികൃതര്‍ പ്രതികരിച്ചത്